പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ ആലപ്പുഴയിലെ വനിതാ നേതാവിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്. ആലപ്പുഴ നോർത്ത് ജില്ല വൈസ് പ്രസിഡന്റ്  ബിന്ദു വിനയകുമാറിനെയാണ് ഭീഷണിപ്പെടുത്തിയത്. അടിച്ച് പണിക്കുറ്റം തീര്‍ക്കുമെന്നാണ് ഓഡിയോ സന്ദേശം. പാലക്കാട് പണം നൽകിയ സ്ത്രീക്ക് പിന്നിൽ ബിന്ദു ആണെന്നാണ് ശോഭയുടെ ആരോപണം. ശോഭയ്ക്കെതിരെ വിമര്‍ശനവുമായി ബിന്ദു ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി.

 

ആലപ്പുഴ നമ്പറിലുള്ള കാറിലാണ് അവർ വന്നതെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും ശോഭ ഭീഷണിപ്പെടുത്തി. നിങ്ങൾ ബിജെപി പ്രവർത്തക അല്ലെ എന്ന് ചോദിച്ചാണ് ശോഭ സംഭാഷണം തുടങ്ങുന്നത്. നിങ്ങൾക്കെതിരെ സംസ്ഥാന അധ്യക്ഷന് പരാതി കൊടുക്കും. പൂന്തുറ ശ്രീകുമാറുമായി എന്തിനാണ് എന്നെ ബന്ധപ്പെടുത്തുന്നത്. തോന്നിവാസം ചെയ്താ അടിച്ചു പണി തീർക്കുമെന്നും ബിന്ദു വിനയകുമാറിനോട് ശോഭ സുരേന്ദ്രൻ പറയുന്നത് പുറത്തുവന്ന ഓഡിയോയില്‍ കേള്‍ക്കാം. ശോഭ സുരേന്ദ്രൻ വനിതാ നേതാവിനെതിരെ അശ്ലീല അധിക്ഷേപങ്ങളും  ഉന്നയിക്കുന്നുണ്ട്. ശോഭ സുരേന്ദ്രനെതിരെ ബിന്ദു പൊലീസിൽ പരാതി നൽകി. കോൾ റെക്കോർഡ് അടക്കമാണ് പൊലീസിൽ പരാതി നൽകിയത്. അതേസമയം, പാലക്കാട് വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ ശോഭാ സുരേന്ദ്രന്റെ മൊഴി തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖപ്പെടുത്തിയിരുന്നു.

 

എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച് ബിന്ദു വിനയകുമാര്‍ രംഗത്തെത്തി. തനിക്ക് ഈ വിഷയവുമായി യാതൊരു ബന്ധവുമില്ലെന്നും ആരോപണങ്ങൾ തെളിയിക്കേണ്ടത് സ്ഥാനാർത്ഥിയുടെ ചുമതലയാണെന്നും ഇവർ വ്യക്തമാക്കി. ഫോണിലൂടെ സഭ്യമല്ലാത്ത  ഭാഷയിൽ സംസാരിക്കുകയും തന്നെയും ഭർത്താവിനെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കാണിച്ച് ഇവർ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ഓൺലൈനായി പരാതി നൽകിയിട്ടുണ്ട്. പാർട്ടിയിലെ ചില നേതാക്കൾ സംഘം ചേർന്ന് പ്രവർത്തിക്കുന്നതായും ഇവർ ആരോപിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ ആലപ്പുഴയിലെ പാർട്ടിയിൽ നിലനിൽക്കുന്ന കടുത്ത വിഭാഗീയതയുടെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. പാർട്ടിയെ രണ്ട് ജില്ലകളായി തിരിച്ചതിന് പിന്നാലെ രൂപപ്പെട്ട ചേരിതിരിവുകളാണ് പുതിയ വിവാദങ്ങൾക്ക് അടിസ്ഥാനമെന്നാണ് സൂചന. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു കുറിപ്പാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമായത്. ഇതിന് പിന്നാലെയാണ് ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ഫോൺ കോൾ വന്നതെന്നും പരാതിക്കാരി വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

A controversy has erupted after an alleged audio of NDA candidate Shobha Surendran threatening a woman leader surfaced online. The audio reportedly contains abusive language and threats against Alappuzha BJP leader Bindu Vinayakumar. A police complaint has been filed, with call recordings submitted as evidence.The issue comes amid allegations of cash-for-votes in Palakkad, where the Election Commission has recorded statements. Bindu has denied all allegations and accused party leaders of internal factionalism. The incident highlights growing tensions within the party ahead of crucial elections.