ബിഹാറിൽ നിന്നുള്ള നിതിൻ നബീൻ ബിജെപിയുടെ പന്ത്രണ്ടാമത് ദേശീയ അധ്യക്ഷനായി ചുമതലയേറ്റു. ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വരണാധികാരി കെ. ലക്ഷ്മൺ ആണ് പ്രഖ്യാപനം നടത്തിയത്. യുവത്വത്തിന്റെ ഊർജവും പ്രവർത്തന പരിചയവും ഉള്ള നേതാവാണ് നിതിൻ നബീൻ എന്ന് മോദി പറഞ്ഞു.
സ്ഥാനമൊഴിഞ്ഞ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരും ബിജെപി മുഖ്യമന്ത്രിമാരും നേതാക്കളും പങ്കെടുത്തു. പ്രധാന മന്ത്രി നരേന്ദ്ര മോദി ക്കൊപ്പമാണ് നിതിൻ നബീൻ വേദിയിൽ എത്തിയത്.
നബിന് അനുകൂലമായി 37 സെറ്റ് നാമനിർദ്ദേശ പത്രികകളാണ് ലഭിച്ചത്. പ്രധാനമന്ത്രിയും നിലവിലെ ദേശീയാധ്യക്ഷന്‍ ജെ.പി.നഡ്ഡയും അമിത് ഷായടക്കമുള്ള കേന്ദ്രമന്ത്രിമാരും നിതിനായി നാമനിര്‍ദേശ പത്രിക നല്‍കി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നേതാക്കളും നിതിനെ നാമനിര്‍ദേശം ചെയ്തു. ഒരു മാസം മുമ്പാണ് നിതിന്‍ നബീന്‍ ദേശീയ വര്‍ക്കിങ് പ്രസിഡന്‍റായി ചുമതലയേറ്റത്.
ആറുവര്‍ഷം പാര്‍ട്ടിയെ നയിച്ച ജെ.പി.നഡ്ഡയ്ക്ക് പകരക്കാരനായി ബിഹാറില്‍ നിന്നുള്ള ഈ 45 കാരനെ ബി.ജെ.പി ചുമതലയേല്‍പ്പിക്കുന്നത് കൃത്യമായ കണക്കുകൂട്ടലോടെയാണ്. മുന്നിലുള്ള വെല്ലുവിളികളും ഏറെയാണ്. ബിഹാറിന് പുറത്ത് പരിചിതനല്ല, വാഗ്മിയോ ക്രൗഡ് പുള്ളറോ അല്ല, ബിഹാര്‍ ജനസംഖ്യയില്‍ 0.6 ശതമാനം മാത്രം വരുന്ന, ജാതി സമവാക്യങ്ങളില്‍ നിര്‍ണായകമല്ലാത്ത കയസ്ത വിഭാഗക്കാരന്‍.
പരമ്പരാഗത സങ്കല്‍പങ്ങളെല്ലാം പൊളിച്ചെഴുതിയാണ് നിതിന്‍ നബീന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ നയിക്കാന്‍ എത്തുന്നത്. ബി.ജെ.പി നല്‍കുന്ന സന്ദേശം വ്യക്തം. പാരമ്പര്യവും പ്രായവും വ്യക്തിപ്രഭാവവുമല്ല, പ്രവര്‍ത്തനമികവാണ് അംഗീകാരങ്ങള്‍ക്കുള്ള മാനദണ്ഡം. ഒപ്പം പാര്‍ട്ടിയില്‍ രണ്ടാംതലമുറ നേതൃത്വത്തെ ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യവും. 2023 ലെ ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഈ ബിഹാറുകാരന്‍ സംഘടനാപാടവം ശ്രദ്ധിക്കപ്പെട്ടത്.
ഭൂപേഷ് ഭാഗേലിന്‍റെ നേതൃത്വത്തില്‍ ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ചത് ബി.ജെ.പിയുടെ കോ ഇന്‍ചാര്‍ജ് ആയിരുന്ന നിതിന്‍ നബീന്‍റെ തന്ത്രങ്ങളായിരുന്നു. ഒന്നരവര്‍ഷത്തോളം സംസ്ഥാനത്ത് താമസിച്ച് പ്രവര്‍ത്തിച്ചു. മുതിര്‍ന്ന നേതാക്കളെയും താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെയും ഒരുപോലെ ഏകോപിപ്പിച്ചു. 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോ ഇന്‍ചാര്‍ജില്‍ നിന്ന് ഇന്‍ ചാര്‍ജ് ആയി പ്രമോഷന്‍.
ഛത്തീസ്ഗഡിലെ 11 ല്‍ 10 സീറ്റും നേടിയാണ് ബി.ജെ.പി. വിജയിച്ചത്. യുവമോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറിയും, ബിഹാര്‍ സംസ്ഥാന അധ്യക്ഷനും ആയിരുന്നു. രണ്ടുപതിറ്റാണ്ടായി എം.എല്‍.എയാണ്. മന്ത്രിയെന്ന നിലയില്‍ പല വകുപ്പുകള്‍ കൈകാര്യം ചെയ്തു. സംഘടനാ പാടവം, ഭരണമികവ് എന്നിവ ഒരുപോലെ തെളിയിച്ചാണ് പാര്‍ട്ടിയിലെ ഒന്നാമനാവുന്നത്. യുവതലമുറയെ ആകര്‍ഷിക്കാന്‍ നിതിന്‍ നബീനെ പോലൊരാള്‍ക്ക് സാധിക്കും എന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ അംഗീകാരം ലഭിക്കുമെന്ന വിശ്വാസം അണികളിലുമുണ്ടാക്കാം.
കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് നിതിന്‍ നബീന് മുന്നിലെ ആദ്യ വെല്ലുവിളി. 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പാവുമ്പോഴേക്കും മോദി – അമിത് ഷാ ദ്വയത്തിന് പിന്നില്‍ അണിനിരക്കാന്‍ പുതിയൊരു നേതൃനിരയെ ഒരുക്കുകയെന്നത് വിശാലലക്ഷ്യം.