pawan-khera

ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷന്‍റെ തിരഞ്ഞെടുപ്പില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും ബിജെപി നേതൃത്വത്തിനും കോണ്‍ഗ്രസിന്‍റെ പരിഹാസം. ‘മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ അങ്ങേയറ്റം വിഷമത്തിലാണ്. കാരണം, അദ്ദേഹത്തിന് ആ തിരഞ്ഞെടുപ്പില്‍ ഒരു റോളും ഇല്ലായിരുന്നു, സ്വാധീനം ചെലുത്താനും കഴിഞ്ഞില്ല. കൃത്രിമം കാട്ടാനും അവസരം കിട്ടിയില്ല. ആ വിഷമത്തില്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുന്ന കാര്യം പോലും ആലോചിക്കുകയാണ്...’ – ഇതായിരുന്നു ബിജെപി അധ്യക്ഷ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയുടെ മറുപടി. 

nitin-nabin-modi

ബിജെപി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട നിതിന്‍ നബിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം

‘എവിടെയാണ് തിരഞ്ഞെടുപ്പ്? ആദ്യം അവര്‍ പ്രസിഡന്‍റിനെ പ്രഖ്യാപിക്കുന്നു, തിരഞ്ഞെടുപ്പ് പിന്നാലെ നടക്കുമെന്ന് പറയുന്നു. അതെങ്ങനെയാണ് തിരഞ്ഞെടുപ്പാവുക?’ – പവന്‍ ഖേര ചോദിച്ചു. കെ.ലക്ഷ്മണ്‍ ആയിരുന്നു ബിജെപി അധ്യക്ഷ തിരഞ്ഞെടുപ്പിന്‍റ വരണാധികാരി. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായതായി പ്രഖ്യാപിച്ചശേഷം അദ്ദേഹം നിതിന്‍ നബീന് സര്‍ട്ടിഫിക്കറ്റ് കൈമാറി. ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ദേശീയ അധ്യക്ഷനാണ് 45–കാരനായ നിതിന്‍ നബീന്‍. ബിജെപി രൂപീകൃതമായ 1980–ലാണ് നബീന്‍റെയും ജനനം.

‘പാര്‍ട്ടിയില്‍ നിതിന്‍ തന്‍റെ ബോസ് ആണെന്നാണ് നരേന്ദ്രമോദി പറഞ്ഞത്. ചിലപ്പോള്‍ മോഹന്‍ ഭാഗവത് ചിലരുടെ ബോസ് ആകും. മറ്റുചിലപ്പോള്‍ മോദി തന്നെ ബോസ് ആകും. ഇവരെന്താ ബിഗ് ബോസ് കളിക്കുകയാണോ?’ – ഖേര ട്രോളിങ് തുടര്‍ന്നു.  മോദിയും സംഘവും ബിഗ് ബോസ് കളിക്കുമ്പോള്‍ ഹിന്ദു മതത്തിലെ ഏറ്റവും വലിയ ബോസ് കണ്ണിരൊഴുക്കുകയാണെന്ന് ഖേര പറഞ്ഞു. ജ്യോതിര്‍മഠ് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദിനെ പ്രയാഗ്‌രാജില്‍ ത്രിവേണീസ്നാനം നടത്തുന്നതില്‍ നിന്ന് യുപി പൊലീസ് തടഞ്ഞ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. 

മൗനി അമാവാസ്യ ദിവസം അനുയായികള്‍ക്കൊപ്പം ത്രിവേണീസംഗമത്തിലെത്തിയ സ്വാമി അവിമുക്തേശ്വരാനന്ദിനെ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് തടഞ്ഞത്. അദ്ദേഹത്തോടൊപ്പം മുന്നൂറോളം അനുയായികളും സന്യാസിമാരും ഉണ്ടായിരുന്നു. എന്നാല്‍ ബിജെപിയെയും യുപി സര്‍ക്കാരിനെയും പലകുറി വിമര്‍ശിച്ചതിനാലാണ് ശങ്കരാചാര്യര്‍ക്ക് പോലും ത്രിവേണീസംഗമത്തില്‍ സ്നാനത്തിന് അനുമതി നിഷേധിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

ENGLISH SUMMARY:

The Congress on Tuesday took a swipe at the BJP after it formally declared Nitin Nabin as its new chief, saying the ruling party announced the president first and then stated that there would be an election but there was none. The opposition party also took a dig at Chief Election Commissioner (CEC) Gyanesh Kumar, saying he is unhappy as he did not get anything to "manipulate" in this process. On Prime Minister Narendra Modi saying that Nabin is his "boss" in party matters, Khera said, "They can keep playing games among themselves. Sometimes Mohan Bhagwat becomes someone's boss, sometimes Modi becomes someone's boss. We don't care about the tears of seers and are playing boss-boss." Khera's remarks were in reference to the row over authorities allegedly stopping Swami Avimukteshwaranand Saraswati from taking a holy dip in the Ganga in Prayagraj.