അസമിലെ ഭരണകാലത്ത് വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കോൺഗ്രസ് സംസ്ഥാനത്തെ ഭൂമി നുഴഞ്ഞുകയറ്റക്കാർക്ക് വിട്ടുകൊടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ കാളിയാബോറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. കാളിയാബോറിൽ 6,950 കോടി രൂപയുടെ കാസിരംഗ എലിവേറ്റഡ് കോറിഡോർ പദ്ധതിയുടെ ഭൂമിപൂജ നിർവഹിക്കാന്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി.
പതിറ്റാണ്ടുകളായുള്ള കോൺഗ്രസ് ഭരണകാലത്ത് അസമിൽ നുഴഞ്ഞുകയറ്റം വർധിച്ചുവെന്നും, അനധികൃത കുടിയേറ്റക്കാർ വനഭൂമിയും വന്യജീവി ഇടനാഴികളും പാരമ്പര്യ സ്ഥാപനങ്ങളും കൈയേറിയതായും പ്രധാനമന്ത്രി ആരോപിച്ചു. ഭൂമി കൈയേറിയ നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ചുകൊണ്ട് അസമിന്റെ സ്വത്വവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപി സർക്കാരിന്‍റെ ലക്ഷ്യമെന്ന് മോദി പറഞ്ഞു.
കോൺഗ്രസ് 'നെഗറ്റീവ് രാഷ്ട്രീയം' പിന്തുടരുന്നതിനാൽ ജനങ്ങൾക്ക് ആ പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. നിലവിൽ രാജ്യത്തെ വോട്ടർമാരുടെ ആദ്യ ചോയ്സ് ബിജെപിയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. നല്ല ഭരണത്തിനും വികസനത്തിനുമാണ് വോട്ടർമാർ ബിജെപിയെ വിശ്വസിക്കുന്നത്. 20 വർഷം അധികാരത്തിലിരുന്നിട്ടും ബിഹാർ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പാർട്ടിക്ക് റെക്കോർഡ് വോട്ടുകളും സീറ്റുകളും നൽകിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ജനങ്ങൾ ബിജെപിയെ പിന്തുണച്ചു. കേരളത്തിൽ പോലും ഇപ്പോൾ പാർട്ടിക്ക് ഒരു മേയറുണ്ട് എന്ന് തിരുവനന്തപുരം നഗരസഭയെ സൂചിപ്പിച്ചുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞു.