ചെറുപാർട്ടികൾ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. അധികാരം പിടിച്ചെടുക്കാൻ വേണ്ടി മറ്റു പാർട്ടികളുമായി കൈകോർക്കുകയും പിന്നീട് അവരെ പാർശ്വവൽക്കരിക്കുകയും ചെയ്യുന്നതാണ് ബിജെപിയുടെ തന്ത്രമെന്ന് അദ്ദേഹം പറഞ്ഞു.
ബിഹാറിൽ ജെഡിയുവുമായി സഖ്യമുണ്ടാക്കി ഒടുവിൽ സംസ്ഥാനത്തെ പ്രധാന ശക്തിയായി ബിജെപി മാറിയത് ഇതിന് ഉദാഹരണമാണെന്ന് സിബൽ ചൂണ്ടിക്കാട്ടി. ഹരിയാനയിൽ ഐഎൻഎൽഡിയുടെ ജൂനിയർ പങ്കാളിയായി തുടങ്ങി പിന്നീട് അവരെ തഴഞ്ഞതും അദ്ദേഹം ഓർമ്മിപ്പിച്ചു. ശിവസേനയെ പിളർത്തി ഏകനാഥ് ഷിൻഡെ വിഭാഗവുമായി ചേർന്ന് മുംബൈ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയതാണ് ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി.
‘ബിജെപിക്ക് ഭൂരിപക്ഷമില്ലാത്ത സംസ്ഥാനങ്ങളിൽ മറ്റു പാർട്ടികളുമായി സഖ്യമുണ്ടാക്കി അധികാരത്തിൽ വരികയും, പിന്നീട് ആ പാർട്ടികളെ ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് അവരുടെ രാഷ്ട്രീയ തന്ത്രം. നിങ്ങൾ ബിജെപിക്കൊപ്പം പോയാൽ നിങ്ങളുടെ കഥ കഴിഞ്ഞു,’ അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിൽ 'ക്ഷേത്ര രാഷ്ട്രീയം' വഴി സ്വാധീനമുണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെങ്കിലും അത് വിജയിക്കുന്നില്ല. പൂജാരിമാരെ ഉത്തരേന്ത്യൻ തീർത്ഥാടന കേന്ദ്രങ്ങളിൽ എത്തിച്ച് വശത്താക്കാനാണ് ഇപ്പോൾ അവർ ശ്രമിക്കുന്നത്. പശ്ചിമ ബംഗാളിൽ അവർക്ക് കടുത്ത പോരാട്ടം നേരിടേണ്ടി വരും. ബിജെപിയുമായി സഖ്യമുണ്ടാക്കിയാൽ നിങ്ങൾക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കാം, പക്ഷേ നിങ്ങളുടെ പാർട്ടിയുടെ ഭാവി ഇല്ലാതാകും. സഖ്യത്തിലൂടെ ലാഭം കൊയ്യുന്നത് ബിജെപി മാത്രമാണെന്നും കപിൽ സിബൽ വ്യക്തമാക്കി.
ബിഎംസി തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയാണ് 'യഥാർത്ഥ ശിവസേന' എന്നാണ്. ഷിൻഡെ വിഭാഗത്തേക്കാൾ കൂടുതൽ സീറ്റുകൾ ഉദ്ധവ് പക്ഷം നേടി. തിരഞ്ഞെടുക്കപ്പെട്ട കോർപ്പറേറ്റർമാരെ ഏകനാഥ് ഷിൻഡെ ഹോട്ടലിലേക്ക് മാറ്റിയത് ബിജെപി അവരെ സ്വാധീനിക്കുമെന്ന് ഭയന്നായിരിക്കാമെന്നും കപിൽ സിബൽ പറഞ്ഞു.
അസമിൽ ബിഎംസി ഫലത്തെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ 'പോസിറ്റീവ് രാഷ്ട്രീയം' എന്ന പരാമർശത്തെയും സിബൽ വിമർശിച്ചു. സ്വാതന്ത്ര്യസമര കാലം മുതൽ ബിജെപി വിഭജന രാഷ്ട്രീയം മാത്രമാണ് കളിച്ചിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. സ്വന്തം കോർപ്പറേറ്റർമാരെ ഹോട്ടലിൽ ഒളിപ്പിക്കേണ്ടി വരുന്നത് പോസിറ്റീവ് രാഷ്ട്രീയമാണോ എന്ന് ഷിൻഡെ മറുപടി പറയണമെന്നും അദ്ദേഹം പരിഹസിച്ചു.