ബിഹാറിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ജെ.ഡി.യുവില്‍ ചേരുമെന്ന അഭ്യൂഹം ശക്തം. കഴിഞ്ഞദിവസം മകരസംക്രാന്തിയുമായി ബന്ധപ്പെട്ട് ബിഹാര്‍ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ചുര– ദഹി ചടങ്ങില്‍ നിന്ന് ആറ് എം.എല്‍.എമാരും വിട്ടുനിന്നിരുന്നു. എന്‍.ഡി.എയിലെ വല്യേട്ടനാവാന്‍ ജെ.ഡി.യു കോണ്‍ഗ്രസ് എം.എല്‍.എമാരെ വലവീശുന്നു എന്നും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സംസാരമുണ്ട്
ബിഹാറിലെ ദയനീയ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. അതിനിടയിലാണ് എം.എല്‍.എമാര്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ വരുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറുമായി ആറുപേരും സമ്പര്‍ക്കത്തിലാണെന്ന് NDA എം.എല്‍.എമാര്‍ പറയുന്നു. പരസ്യമായി
നിഷേധിക്കുമ്പോഴും BPCC സംഘടിപ്പിച്ച ചുര – ദഹി ചടങ്ങില്‍ നിന്ന് എം.എല്‍.എമാര്‍ വിട്ടുനിന്നത് യാദൃശ്ചികമല്ലെന്നാണ് വിലയിരുത്തല്‍.
ജനുവരി എട്ടിന് വിബി ജി റാം ജി ബില്ലിനെതിരെ പ്രതിഷേധ പരിപാടികള്‍ ചര്‍ച്ചചെയ്യാന്‍ പി.സി.സി. പ്രസിഡന്റ് രാജേഷ് റാം വിളിച്ച യോഗത്തിലും രണ്ട് എം.എല്‍.എമാര്‍ പങ്കെടുത്തിരുന്നില്ല. ആറുപേരും ഒരുമിച്ച് ജെ.ഡി.യുവില്‍ ചേര്‍ന്നാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ല.
ജെ.ഡി.യുവിനാവട്ടെ എന്‍.ഡി.എയിലെ ഏറ്റവും വലിയ ഒറ്റകക്ഷി ആവുകയും ചെയ്യാം. നിലവില്‍ 89 സീറ്റുള്ള ബി.ജെ.പിയാണ് വല്യേട്ടന്‍. ജെ.ഡി.യുവിന് 85 സീറ്റാണ് ഉള്ളത്. ഇത് മുന്നില്‍ക്കണ്ട് ഘടകകക്ഷിയായ ആര്‍.എല്‍.എമ്മിന്‍റെ നാല് എം.എല്‍.എമാരില്‍ മൂന്നുപേരെ സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ ബി.ജെ.പിയും ശ്രമിക്കുന്നുണ്ട്.