മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉജ്ജ്വല വിജയം. 29 കോർപ്പറേഷനുകളിൽ 20–ലും ബിജെപി നേതൃത്വം നൽകുന്ന മഹായുതി വിജയിച്ചു. രണ്ടര പതിറ്റാണ്ടായി ശിവസേനയുടെയും താക്കറെ കുടുംബത്തിന്റെയും കുത്തകയായിരുന്ന മുംബൈ കോർപറേഷനിൽ ബിജെപി ഭരണം ഉറപ്പിച്ചു.
വികസനത്തിലും ഹിന്ദുത്വത്തിലും ഊന്നി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രചരണത്തിന് നേതൃത്വം നൽകിയ തിരഞ്ഞെടുപ്പിൽ ചരിത്രവിജയമാണ് ബിജെപി നയിക്കുന്ന മഹായുതി സഖ്യം നേടിയത്. മുംബൈ കോർപ്പറേഷനിൽ കേവല ഭൂരിപക്ഷം കടന്ന് 118 സീറ്റുകൾ നേടി ഭരണം ഉറപ്പിച്ചു.
ശിവസേന ഉദ്ധവ് വിഭാഗം 74 സീറ്റുകൾ നേടി. അതേസമയം, കോൺഗ്രസിന് ബിഎംസിയിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. 15 സീറ്റുകളിലേക്ക് കോൺഗ്രസ് ചുരുങ്ങി. ധാരാവിയിൽ മലയാളിയായ ജഗദീഷ് തൈപ്പള്ളി രണ്ടാം തവണയും വിജയിച്ചു. 1450 വോട്ടുകൾക്കാണ് ബിജെപിയെ പരാജയപ്പെടുത്തിയത്. കോൺഗ്രസ് 5 കോർപ്പറേഷനുകളിൽ ഭരണം ഉറപ്പിച്ചു.
ചരിത്ര വിജയത്തിനിടയിൽ മഹായൂതി സഖ്യത്തിലെ പ്രധാന കക്ഷിയായ ഷിൻഡെ വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ട്. മത്സരിച്ച 90 സീറ്റിൽ 30 സീറ്റിൽ താഴെയാണ് ഷിൻഡെ വിഭാഗത്തിന് വിജയിക്കാനായത്.