വിജയ് ചിത്രം ജന നായകന് പിന്തുണ അറിയിച്ചുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിന് പിന്നാലെ വീണ്ടും ചര്‍ച്ചയായി ടിവികെ– കോണ്‍ഗ്രസ് സഖ്യം. പോസ്റ്റിന് താഴെ രാഹുലിന് നന്ദി അറിയിച്ചും കോണ്‍ഗ്രസ്– ടിവികെ സഖ്യം വേണമെന്നും കമന്‍റുകളുണ്ട്. അധികാരം പങ്കിടുന്നതില്‍ സഖ്യകക്ഷിയായ ഡിഎംകെയുമായി അഭിപ്രായ വ്യത്യാസം ഉടലെടുത്ത സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങള്‍.
വിജയ് ചിത്രമായ ജനനായകനെ ബ്ലോക്ക് ചെയ്യാനുള്ള ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ നീക്കം തമിഴ് സംസ്കാരത്തോടുള്ള അവഗണനയും ആക്രമണവുമാണെന്നാണ് രാഹുല്‍ ഗാന്ധി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ‘മിസ്റ്റര്‍ മോദി, തമിഴ് മക്കളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ നിങ്ങളൊരിക്കലും രക്ഷ നേടില്ലെന്നും വിജയിക്കില്ല’ എന്നും രാഹുല്‍ എഴുതി.
Also Read: 'ജനനായകന്‍' തടയുന്നത് തമിഴ് സംസ്കാരത്തെ ആക്രമിക്കുന്നതിനു തുല്യം; രാഹുല്‍ ഗാന്ധി
രാഹുലിന്‍റെ പിന്തുണ സ്വീകരിക്കുമ്പോഴും ഇതില്‍ സഖ്യസാധ്യതകളില്ലെന്ന് പറയുകയാണ് ടിവികെ നേതൃത്വം. രാഹുലിന്‍റെ പിന്തുണ സൗഹൃദപരമെന്നാണ് ടിവികെ മുതിര്‍ന്ന നേതാവ് പറഞ്ഞത്. കരൂര്‍ ദുരന്തം മുതല്‍ രാഹുല്‍ ഗാന്ധി വിജയ്ക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും പുതിയ പിന്തുണയെയും അത്തരത്തില്‍ മാത്രം കണ്ടാല്‍ മതിയെന്നും ടിവികെ വ്യക്തമാക്കി. സഖ്യ തീരുമാനങ്ങള്‍ എടുക്കേണ്ടത് പാര്‍ട്ടി അധ്യക്ഷനാണെന്നും അദ്ദേഹം വിശദീകരിച്ചു.
സഖ്യത്തെ പറ്റിയുള്ള വാര്‍ത്തകളെ കോണ്‍ഗ്രസ് സംസ്ഥാന ഘടകവും പ്രോത്സാഹിപ്പിക്കുന്നില്ല. രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ് മോദി സര്‍ക്കാറിന്‍റെ യഥാര്‍ഥ മുഖം തുറന്നുകാട്ടുന്നതാണെന്നും അത് ജനാധിപത്യവിരുദ്ധവും ഫാസിസ്റ്റാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിടിഐയോട് പറഞ്ഞു. ഈ പ്രസ്താവനയ്ക്ക് തമിഴ്നാട് രാഷ്ട്രീയത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് ഡിഎംകെയുമായാണ് ചേര്‍ന്നു നില്‍ക്കുകയെന്നും ഇത് 200 ശതമാനം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: തമിഴ്നാട്ടില്‍ കോണ്‍ഗ്രസിനെ പടിക്ക് പുറത്തുനിര്‍ത്തി ഡിഎംകെ; വിജയ്‍ക്ക് കൈ കൊടുക്കുമോ; ചര്‍ച്ച
അധികാരം പങ്കിടണമെന്ന തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യത്തെ കഴിഞ്ഞ ദിവസം ഡിഎംകെ തള്ളിയിരുന്നു. തമിഴ്നാട്ടില്‍ ഇതുവരെ സഖ്യസര്‍ക്കാറുണ്ടായിട്ടില്ലെന്നും ഡിഎംകെ ഒറ്റയ്ക്കാണ് ഭരിച്ചതെന്നും ഈ നിലപാടില്‍ ഇനിയും മാറ്റമില്ലെന്നുമാണ് മുതിര്‍ന്ന ഡിഎംകെ നേതാവ് ഐ. പെരിയസ്വാമി പറഞ്ഞത്. ഇതു തന്നെയാണ് മുഖ്യമന്ത്രിയുടെ നിലപാട് എന്നും പെരിയസ്വാമി പറഞ്ഞു.