Image credit: Manorama (Left), pintrest (Right)
തമിഴ്നാട്ടില്‍ കോണ്‍ഗ്രസിനെ പടിക്കുപുറത്താക്കാന്‍ ഡിഎംകെ ശ്രമം നടത്തുന്നതിനിടെ ഒരു മുഴം മുന്‍പേയെറിഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അധികാരത്തില്‍ പ്രാതിനിധ്യം വേണമെന്ന കോണ്‍ഗ്രസ് ആവശ്യത്തോട് ഡിഎംകെയും എം.കെ.സ്റ്റാലിനും മുഖം തിരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിജയ്‌യുടെ ടിവികെയുമായി ഡിഎംകെ കൈകോര്‍ത്തേക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ അല്‍പം കൂടി കടത്തിവെട്ടി വിജയ്‌ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
വിജയ് ചിത്രമായ ജനനായകനെ ബ്ലോക്ക് ചെയ്യാനുള്ള ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ നീക്കം തമിഴ് സംസ്കാരത്തോടുള്ള അവഗണനയും ആക്രമണവുമാണെന്നാണ് രാഹുല്‍ ഗാന്ധി ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘മിസ്റ്റര്‍ മോദി, തമിഴ് മക്കളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ നിങ്ങളൊരിക്കലും രക്ഷ നേടില്ലെന്നും വിജയിക്കില്ലെന്നും’– രാഹുല്‍ ഗാന്ധി കുറിക്കുന്നു.
പോസ്റ്റിനു താഴെ കോണ്‍ഗ്രസിനെ അപമാനിച്ച ഡിഎംകെയുമായി സഖ്യത്തിനു പോകരുതെന്നും ഒന്നുകില്‍ ഒറ്റയ്ക്ക് മത്സരിക്കണമെന്നും അതല്ലെങ്കില്‍ ടിവികെയുമായി സഖ്യമുണ്ടാക്കണമെന്നും ചില ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. ടിവികെ+കോണ്‍ഗ്രസ് എന്നും ചിലര്‍ കമന്റുകളായി പോസ്റ്റ് ചെയ്യുന്നുണ്ട്.
തമിഴ്നാട്ടില്‍ ഇതുവരെ സഖ്യസര്‍ക്കാറുണ്ടായിട്ടില്ലെന്നും ഡിഎംകെ ഒറ്റയ്ക്കാണ് ഭരിച്ചതെന്നും ഈ നിലപാടില്‍ ഇനിയും മാറ്റമില്ലെന്നുമാണ് കഴിഞ്ഞ ദിവസം മുതിര്‍ന്ന ഡിഎംകെ നേതാവ് ഐ .പെരിയസ്വാമി പറഞ്ഞത്. ഇതു തന്നെയാണ് മുഖ്യമന്ത്രിയുടെ നിലപാട് എന്നാണ് പെരിയസ്വാമി പറഞ്ഞത്. മാര്‍ച്ച്– ഏപ്രില്‍ മാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അധികാരം പങ്കിടുന്നതിനെ പറ്റി കോണ്‍ഗ്രസ് ചര്‍ച്ച ആരംഭിച്ചത്. ചര്‍ച്ച ചെയ്യേണ്ട സമയമാണിതെന്നാണ് കോണ്‍ഗ്രസ് എംപി മാണിക്യം ടാഗോര്‍ പറഞ്ഞത്.