image Credit: X/arunsingh
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെ ചൊല്ലി വിവാദം. ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുമായും ചൈനയില്‍ നിന്നുള്ള നേതാക്കളുടെ പ്രത്യേക സംഘം നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.സാക്സ്ഗം താഴ്വരയില് അവകാശമുന്നയിച്ച് ചൈന രംഗത്തെത്തിയതിന് പിന്നാലെ നടത്തിയ കൂടിക്കാഴ്ച സംശയാസ്പദമാണെന്നും ശരിയായില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചു. ഇന്ത്യന്‍ ഭൂപ്രദേശത്തിന് മേല്‍ ചൈന അവകാശവാദം ഉന്നയിച്ച് മണിക്കൂറുകള്‍ക്കകമാണ് അടച്ചിട്ട മുറിക്കുള്ളില്‍ ബിജെപി നേതാക്കള്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയതെന്നും ഇത് രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ രാജ്യാന്തര വിഭാഗത്തിന്‍റെ വൈസ് മിനിസ്റ്ററായ സണ്‍ഹയാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ആര്‍എസ്എസ് കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയത്. ഇവര്‍ക്കൊപ്പം ചൈനയുടെ ഇന്ത്യയിലെ പ്രതിനിധി സു ഫെയ്ഹോങുമുണ്ടായിരുന്നു. 'എല്ലാത്തരം ആശയധാരകളിലും വിശ്വാസങ്ങളിലും ഉള്ള ആളുകളുമായി ചര്‍ച്ചയ്ക്ക് സംഘപരിവാര്‍ എപ്പോഴും സജ്ജമാണ്. സംഘത്തെ കുറിച്ച് കൂടുതല്‍ അറിയാനും ദത്താത്രേയ ഹോസബേലയെ നേരില്‍ കാണാനും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ താല്‍പര്യം പ്രകടിപ്പിച്ചു. അതനുസരിച്ചായിരുന്നു കൂടിക്കാഴ്ച'- ആര്‍എസ്എസ് നേതാവ് വ്യക്തമാക്കി. അതേസമയം, കൂടിക്കാഴ്ചയില്‍ എന്താണ് ചര്‍ച്ചയായതെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല.
ബിജെപി അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായല്ല ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സംഘം ഇത്തരം സന്ദര്‍ശനം നടത്തുന്നത്. ഔപചാരിക സന്ദര്‍ശത്തിന് 2014ലും പ്രതിനിധി സംഘം എത്തിയിരുന്നു. ബിജെപി ഓഫിസില്‍ സിപിസി പ്രതിനിധികളെത്തിയതിനെ കുറിച്ച ്പ്രതികരിക്കാന്‍ ബിജെപി നേതാക്കള്‍ ഇതുവരെയും തയാറായിട്ടില്ല. ബ്രിക്സ് ഉച്ചകോടിക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഊഷ്മളമായി പോകുകയാണെന്നും ഇത് കൂടുതല്‍ വളര്‍ത്താനുള്ള നടപടികളാണ് യോഗത്തില്‍ സംസാരിച്ചതെന്നുമാണ് പാര്‍ട്ടി വക്താക്കളിലൊരാള്‍ വെളിപ്പെടുത്തിയത്. അതേസമയം, ബിജെപിയും സിപിസിയും തമ്മിലുള്ള സഹകരണം വളര്‍ത്താനുള്ള പരിപാടികളാണ് ചര്‍ച്ച ചെയ്തതെന്നായിരുന്നു ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് എക്സില്‍ കുറിച്ചത്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ലെന്നും ,ചര്‍ച്ചയില്‍ തെറ്റില്ലെന്നും പക്ഷേ ബിജെപിയുടെ ഇരട്ടത്താപ്പിലും വഞ്ചനാപരമായ നയങ്ങളിലുമാണ് കുഴപ്പമുള്ളതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിപിസിയുമായി ഒരു ധാരണാപത്രം ഒപ്പട്ടതില്‍ കോണ്‍ഗ്രസിനെ ബിജെപി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദേശീയ സുരക്ഷയെ കോണ്‍ഗ്രസ് അപകടത്തിലാക്കിയെന്നായിരുന്നു വിമര്‍ശനം. ഇതിനെതിരെയാണ് കോണ്‍ഗ്രസിന്‍റെ വിമര്‍ശനം.
അടച്ചിട്ട മുറിക്കുള്ളില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി രാജ്യത്തോട് വിശദീകരിക്കാന്‍ ബാധ്യസ്ഥനാണെന്നും പവന്‍ ഖേര പറഞ്ഞു. ഇന്ത്യയുടെ ദേശീയ താല്‍പര്യങ്ങള്‍ ബലികഴിക്കുന്ന രീതിയില്‍ ഏതെങ്കിലും തരത്തിലുള്ള തീരുമാനം കൈക്കൊണ്ടോയെന്ന് ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗല്‍വാനില്‍ 2020 ജൂണില്‍ 20 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പ്രധാനമന്ത്രിയെ അത് ബാധിച്ചതേയില്ല. അദ്ദേഹം അത് ഗൗരവമായി എടുത്തതേയില്ല. മോദി ചൈനയെ ഭയന്ന് കഴിഞ്ഞു. ഭാവി തലമുറകള്‍ മോദിയോട് ക്ഷമിക്കില്ലെന്നും പവന്‍ഖേര തുറന്നടിച്ചു.