മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന സുരേഷ് കൽമാഡി അന്തരിച്ചു. ഇന്ന് പുലർച്ചെ പൂനെയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. റെയിൽവേ സഹമന്ത്രി, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസ് അഴിമതിക്കേസിൽ 2011 ഏപ്രിലിൽ അറസ്റ്റിലായി 9 മാസം തിഹാർ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.
1977ൽ കൽമാഡി പൂണെ ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ പ്രസിഡണ്ടായി. പിന്നീട് 1978 മുതൽ 1980 വരെ മഹാരാഷ്ട്ര ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റായി. 1982 മുതൽ 1995 വരെ മൂന്നുഘട്ടങ്ങളിലും പിന്നീട് 1998-ലും രാജ്യാസഭാംഗമായിരുന്നിട്ടുണ്ട്. 1996ലും 2004ലും ലോകസഭയിലേക്കും കൽമാഡി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നരസിംഹറാവു ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് 1995 മുതൽ 1996 വരെ റെയിൽവേ മന്ത്രിയായും കൽമാഡി സേവനമനുഷ്ഠിച്ചിട്ടുണ്ട്.