തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെയുള്ള വോട്ട് കൊള്ളയും അന്വേഷണ ഏജന്‍സികളെ ആയുധമാക്കലും ഉയര്‍ത്തി പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും എതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. നിലവിലെ പ്രതിപക്ഷ പോരാട്ടം ബി.ജെ.പിയോട് മാത്രമല്ല, ഈ സംവിധാനങ്ങളോടെല്ലാമാണെന്ന് ബർലിനിലെ പരിപാടിയില്‍ രാഹുല്‍ പറഞ്ഞു. ഇന്ത്യയും പാശ്ചാത്യ രാജ്യങ്ങളും ചരക്കുകളുടെ ഉത്പാദനം ചൈനയ്ക്ക് കൈമാറി എന്നും ഇതിന് പരിഹാരം കാണണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഇന്ത്യ വിരുദ്ധ നേതാവെന്ന് ബിജെപി പ്രതികരിച്ചു.
ബർലിനിലെ ഹെർട്ടി സ്കൂളിൽ നടന്ന സംവാദ പരിപാടിയിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. തിരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണ ഏജൻസികളും ബിജെപി- ആർഎസ്എസ് കൈപ്പിടിയിലാണ്. അവയെ നിരന്തരമായി ആയുധമാക്കുന്നു. ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ തിരഞ്ഞെടുപ്പുകളിലെല്ലാം വോട്ട് കൊള്ള നടന്നു. പ്രതിപക്ഷ നേതാക്കളെയും പ്രതിപക്ഷത്തെ പിന്തുണക്കുന്നവരെയും അന്വേഷണ ഏജന്‍സികള്‍ വേട്ടയാടുകയാണ്. നിലവില്‍ പ്രതിപക്ഷം പോരാടുന്നത് ബി.ജെ.പിയോട് മാത്രമല്ല, ഈ സംവിധാനങ്ങളോടെല്ലാമാണ്. എന്നും ബിജെപിയെ അധികാരത്തിൽ നിന്ന് നീക്കാനുള്ള പ്രതിപക്ഷ പ്രതിരോധം സൃഷ്ടിക്കും എന്നപം രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യയും പാശ്ചാത്യ രാജ്യങ്ങളും ചരക്കുകളുടെ ഉത്പാദനം ചൈനയ്ക്ക് കൈമാറിയതോടെ തൊഴിലവസരങ്ങൾ കുറഞ്ഞു. ജനാധിപത്യപരമായ അന്തരീക്ഷത്തിൽ എങ്ങനെ ഉൽപ്പാദനം നടത്താം എന്ന് കണ്ടെത്തണം എന്നും രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി വിദേശ രാജ്യത്ത് പോയാല്‍ ഭരണഘടന സ്ഥാപനങ്ങളെയും രാജ്യത്തിന്റെ അന്തസിനേയും ഇടിച്ച് താഴ്ത്തുന്നത് പതിവാണെന്നും ബിജെപി പ്രതികരിച്ചു.