ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് തെറ്റെന്ന് ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. വ്യക്തിവികാസത്തിന് കുടുംബം അനിവാര്യം. ഇന്ത്യ ഹിന്ദുരാഷ്ട്രമാണ്. ആര്‍.എസ്.എസ്. മുസ്‌ലിം വിരോധികള്‍ അല്ലെന്നും ഭാഗവത് വിശദീകരിച്ചു. കൊല്‍ക്കത്തയില്‍ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ആര്‍.എസ്.എസ്. മേധാവി.

ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മടിക്കുന്നവരാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലേക്ക് നീങ്ങുന്നതെന്ന് മോഹന്‍ ഭാഗവത്. ശാരീരിക സംതൃപ്തിക്ക് മാത്രമല്ല വിവാഹവും കുടുംബവും. വ്യക്തി സമൂഹത്തില്‍ ജീവിക്കാന്‍ പഠിക്കുന്നത് കുടുംബത്തില്‍ നിന്നാണ്. 19 വയസിനും 25 വയസിനും ഇടയില്‍ വിവാഹം കഴിക്കുകയും മൂന്ന് കുട്ടികള്‍ ഉണ്ടാവുകയും ചെയ്താല്‍ മാതാപിതാക്കളുടെയും കുട്ടികളുടെയും ആരോഗ്യം നല്ലതാകുമെന്ന് പല‌ ഡോക്ടര്‍മാരും പറയുന്നു. ജനന നിരക്ക് താഴുന്നത് അപകടകരമെന്നും ആര്‍.എസ്.എസ്. മേധാവി പറഞ്ഞു.

സൂര്യന്‍ കിഴക്കുദിക്കുന്നത് പോലെയാണ് ഇന്ത്യ ഹിന്ദു രാഷ്ട്രമാണ് എന്ന വസ്തുത. പാര്‍ലമെന്‍റ് ഭരണഘടന ഭേദഗതി ചെയ്ത് ഹിന്ദു രാഷ്ട്രം എന്ന് എഴുതിച്ചേര്‍ത്താല്‍ നല്ലത്. ഇല്ലെങ്കിലും കുഴപ്പമില്ല.   ആര്‍.എസ്.എസ്. മുസ്‌ലിം വിരോധികളാണ് എന്നത് തെറ്റിദ്ധാരണയാണ്. സംഘത്തെ അടുത്തറിഞ്ഞാല്‍ അത് മാറും. ബി.ജെ.പിയുമായോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായോ ആർ.എസ്.എസിനെ താരതമ്യം ചെയ്യരുത്.  രാഷ്ട്രീയ ലക്ഷ്യങ്ങളോ മല്‍സര ബുദ്ധിയോ സംഘത്തിനില്ല എന്നും മോഹൻ ഭാഗവത് പറഞ്ഞു. അതേസമയം RSS പ്രത്യയശാസ്ത്രമാണ് ഗാന്ധിജിയെ കൊന്നതെന്നും  സംഘടയെ നിരോധിച്ചപ്പോൾ പട്ടേൽ പറഞ്ഞതെന്തെന്നു ഓർക്കണമെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു. 

ENGLISH SUMMARY:

RSS chief Mohan Bhagwat has sparked a debate by stating that live-in relationships are wrong and reflect an unwillingness to take responsibility. Speaking in Kolkata, he emphasized the importance of the family system for personal and social development. Bhagwat also expressed concern over declining birth rates, suggesting that having three children is ideal for family and national health. Reaffirming his stance on India being a 'Hindu Rashtra,' he clarified that the RSS is not anti-Muslim and focuses on social unity rather than political competition. Congress leader Jairam Ramesh countered these remarks, accusing the RSS ideology of historical divisiveness.