Image Credit: reddit
പ്രണയം നടിച്ച് യുവതിയില്‍ നിന്നും 20 ലക്ഷം രൂപയും 25 പവന്‍ സ്വര്‍ണവും തട്ടിയ കേസില്‍ വിവാഹിതനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വഞ്ചന, ലൈംഗിക ചൂഷണം, മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ശുഭം ശുക്ലയെന്ന 29കാരനാണ് പൊലീസിന്‍റെ പിടിയിലായത്. അതിഭീകരമായ വഞ്ചനയാണ് യുവാവ് നടത്തിയതെന്ന് പൊലീസ് പറയുന്നു.
യുവതിയുടെ അനുജത്തിയുമായി ശുഭം പ്രണയബന്ധമുണ്ടാക്കുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു. പിന്നാലെ പ്രണയം അവസാനിപ്പിച്ചു. കുടുംബവുമായി ബന്ധം സ്ഥാപിച്ച ശുഭം, യുവതിയുമായി പ്രണയത്തിലായി. തുടര്‍ന്ന് ഒന്നിച്ച് ജീവിക്കാമെന്ന് വാഗ്ദാനം നല്‍കുകയും മുംബൈയിലേക്ക് ജോലിക്ക് പോവുകയാണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് വീട്ടില്‍ നിന്നും മാറ്റിത്താമസിപ്പിക്കുകയും ചെയ്തു.
മുംബൈയില്‍ ജോലിക്കെന്ന് വീട്ടുകാരോട് പറഞ്ഞുവെങ്കിലും മൂന്ന് വര്‍ഷമായി ഇരുവരും ബെംഗളൂരുവില്‍ ഒന്നിച്ച് കഴിയുകയായിരുന്നു. ഇക്കാലയളവില്‍ 20 ലക്ഷം രൂപയും 25 പവനും യുവതിയില്‍ നിന്ന് ശുഭം കൈക്കലാക്കി. അങ്ങനെയിരിക്കെയാണ് ശുഭം നേരത്തെ തന്നെ വിവാഹിതനാണെന്ന് യുവതി അറിഞ്ഞത്. ഇക്കാര്യം ചോദ്യം ചെയ്തതോടെ ആദ്യ ബന്ധം വേര്‍പെടുത്താമെന്ന് വാക്കുനല്‍കി. എന്നാല്‍ പിന്നീട് ശാരീരിക ഉപദ്രവം ആരംഭിക്കുകയായിരുന്നു. ഉപദ്രവം സഹിക്കവയ്യാതെ യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്സോയടക്കം വകുപ്പുകള്‍ ചുമത്തി.