ആയിരങ്ങളെ പങ്കെടുപ്പിച്ച് തമിഴ്നാട്ടിലെ ഈറോഡില്‍ വിജയിയുടെ പൊതുസമ്മേളനം. കരൂർ ദുരന്തത്തിനു ശേഷം ആദ്യമായാണ് തുറന്ന സ്ഥലത്ത് ടി.വി.കെ യോഗം വിളിക്കുന്നത്. മാസ് സിനിമ ഡയലോഗുകളുമായെത്തിയ പ്രിയതാരത്തിന്റെ ഓരോ വാക്കിലും ആരവമുയർന്നു. ഡിഎംകെയെ കടന്നാക്രമിച്ചും അണ്ണാ ഡിഎംകെയെ തലോടിയുമായിരുന്നു വിജയിയുടെ പ്രസംഗം.
കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ കടുത്ത നിയന്ത്രണങ്ങളിൽ നടന്ന പൊതുസമ്മേളനത്തിലേക്ക് പുലർച്ചെ 6 മുതൽ തന്നെ ആളുകൾ ഒഴുകിത്തുടങ്ങിയിരുന്നു. തമിഴ് രാഷ്ട്രീയത്തിൽ ആരെ ഒപ്പം നിർത്തണം, അതിന് ആരെ എതിർക്കണം എന്ന് വ്യക്തമാക്കിയായിരുന്നു വിജയിയുടെ പ്രസംഗം. 10 വയസ്സിൽ സിനിമയിൽ വന്നപ്പോൾ മുതൽ തമിഴ്നാട്ടിലെ ജനങ്ങളുമായുള്ള ആത്മബന്ധമാണ്. ടി.വി കെയെ ജനങ്ങളിൽ നിന്ന് അകറ്റാനാണ് ശ്രമം നടക്കുന്നത്.
പെരിയാറിന്റെ പേരു പറഞ്ഞ് കൊള്ളയടിക്കുകയാണ് സർക്കാർ. എംജിആറും ജയലളിതയും ഡിഎംകെ യെ കടന്നാക്രമിച്ചിരുന്നത് ശരിയായിരുന്നുവെന്ന് പിന്നീടാണ് മനസിലായതെന്നും വിജയ് പറഞ്ഞു. അതായത് അണ്ണാ ഡിഎംകെ വികാരത്തെ ഒപ്പം ചേർത്തുനിർത്തി ഡിഎംകെയെ പ്രതിരോധിക്കുന്ന രാഷ്ട്രീയം വിജയ് തുടരും.
ബിജെപിയെക്കുറിച്ചും കാര്യമായൊന്നും പറഞ്ഞില്ല. ദേവസ്വം ബോർഡിന്റെ വിജയമംഗലത്തെ 16 ഏക്കർ മൈതാനത്ത് 500 പേർക്ക് വീതം പ്രത്യേകം പ്രത്യേകം നിൽക്കാവുന്ന ഇരുമ്പു വേലികൾ സ്ഥാപിച്ചാണ് തിരക്ക് നിയന്ത്രിച്ചത്. കരൂർ ആശങ്ക മനസിലുള്ളതുകൊണ്ട് എവിടെ തിരിഞ്ഞാലും ആവശ്യാനുസരണം കുടിവെള്ളം ഉറപ്പാക്കിയിരുന്നു.