മഹാത്മഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതിയുടെ പേര് വിബി–ജി റാം ജി എന്നാക്കി മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഇരുസഭകളിലും പ്രതിഷേധിക്കാനാണ് നീക്കം. ഇടത് എംപിമാര്‍ പാര്‍ലമെന്‍റ് കവാടത്തില്‍ പ്രതിഷേധിക്കും. വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ നോട്ടിസ് നല്‍കി. ലോക്സഭയില്‍ എതിര്‍ക്കുമെന്ന് പ്രിയങ്ക ഗാന്ധിയും അറിയിച്ചു.
ബില്‍ പിന്‍വലിക്കണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയും ആവശ്യപ്പെട്ടു. പേരുമാറ്റത്തിന് പിന്നില്‍ ആര്‍എസ്എസിന്‍റെ ഹീന അജണ്ടയാണുള്ളതെന്നും അധികാരത്തിൽ വന്നതു മുതലുള്ള മോദി സർക്കാരിൻറെ ലക്ഷ്യമാണ് തൊഴിലുറപ്പ് പദ്ധതി തകർക്കലെന്നും എന്‍കെ പ്രേമചന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു. അതേസമയം, ദേശീയ തൊഴിലുറപ്പ് പദ്ധതി റദ്ദാക്കാനുള്ള നീക്കം തൊഴിലുറപ്പിന്‍റെ ചരമക്കുറിപ്പാണെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സംസ്ഥാനത്തിന് 1600 കോടിയുടെ അധികബാധ്യത നിലവിലെ നീക്കത്തിലൂടെ വരുമെന്നും തൊഴില്‍ദിനങ്ങള്‍ കൂട്ടിയെന്നത് മധുരംപുരട്ടല്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയില്‍ നിന്ന് ഗാന്ധിജിയെ പൂര്‍ണമായും ഒഴിവാക്കി വികസിത്ഭാരത് ഗാരന്‍റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ എന്നാണ് പുതിയ പേര്. ഇതനുസരിച്ച് വേതനം മുഴുവന്‍ കേന്ദ്രം നല്‍കിയിരുന്ന തൊഴിലുറപ്പ് പദ്ധതി റദ്ദാകും. പുതിയ ബില്‍ പ്രകാരം തൊഴിലുറപ്പ് വേതനത്തിന്‍റെ 40 ശതമാനം ഇനി സംസ്ഥാനം വഹിക്കേണ്ടി വരും. ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. പുതിയ കരട് അനുസരിച്ച് കുറഞ്ഞ തൊഴില്‍ ദിനങ്ങള്‍ 100 ല്‍ നിന്ന് 125 ദിവസമാകും. അധികച്ചെലവ് അതത് സംസ്ഥാനങ്ങള്‍ വഹിക്കേണ്ടിയും വരും.