തിരഞ്ഞെടുപ്പ് കമ്മിഷനടക്കം ഭരണഘടന സ്ഥാപനങ്ങളെയെല്ലാം ആർഎസ്എസ് വരുതിയിലാക്കിയെന്ന് രാഹുൽ ഗാന്ധി. ബിജെപി രാജ്യദ്രോഹം ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് പരിഷ്കണം സംബന്ധിച്ച് ലോക്സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ആർഎസ്എസിനെതിരായ വിമർശനം ഭരണ- പ്രതിപക്ഷ വാക് പോരിനിടയാക്കി.
സർവകലാശാലകളടക്കം ഭരണഘടന സ്ഥാപനങ്ങളെയെല്ലാം RSS വരുതിയിലാക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇതോടെ ഭരണപക്ഷത്തുനിന്ന് പ്രതിഷേധമുയർന്നു. കൈ തൊഴുതു പിടിച്ച് എഴുന്നേറ്റ് നിന്ന മന്ത്രി ജുവൽ ഓറം സ്പീക്കർ പറഞ്ഞിട്ടും വഴങ്ങിയില്ല. വിഷയത്തിൽ അധിഷ്ഠിതമായി സംസാരിക്കണം എന്ന് പാർലമെൻ്ററികാര്യമന്ത്രി.
തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്ന സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് ചോദ്യം ചെയ്ത രാഹുൽ ഗാന്ധി ,മുഖ്യ തിരഞ്ഞെടുപു കമ്മിഷണർ സർക്കാരിന്‍റെ സഖ്യമായി പ്രവർത്തിക്കുന്നു എന്ന് കുറ്റപ്പെടുത്തി. പോളിങ്ങിന്‍റെ CCTV ദൃശ്യങ്ങൾ 45 ദിവസം കഴിഞ്ഞാൽ നശിപ്പിക്കുമെന്ന ചട്ടം മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സഭയിലുണ്ടായിരുന്ന അമിത് ഷായോട് ഉത്തരത്തിൽ നോക്കിയിരിക്കാതെ ഉത്തരം പറയണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ഹരിയാന വോട്ടർ പട്ടികയിലെ ക്രമക്കേട് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയപ്പോൾ വിവാദമായ ബ്രസീലിയൻ വനിതയുടെ ചിത്രം കോൺഗ്രസ് അംഗങ്ങൾ ഉയർത്തിക്കാട്ടിയത് സ്പീക്കറെ ചൊടിപ്പിച്ചു.