ജെഎംഎം എന്‍.ഡി.എയിലേക്കെന്ന് സൂചന. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി. അമിത് ഷായെ കണ്ടതായും സംശയം. ജാര്‍ഖണ്ഡില്‍ അട്ടിമറി നീക്കമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സർക്കാരുമായി മികച്ച ബന്ധം സ്ഥാപിക്കുന്നതിലൂടെ ജാർഖണ്ഡിൽ വികസനം കൈവരിക്കുക, അന്തരിച്ച ജെഎംഎം സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ ഷിബു സോറനു ഭാരതരത്നം നൽകുന്ന കാര്യം പരിഗണിക്കുക തുടങ്ങി ലക്ഷ്യങ്ങളാണ് ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) നീക്കത്തിനു പിന്നിലെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ബിഹാറിൽ മഹാസഖ്യത്തിന്റെ ഭാഗമായി 16 നിയമസഭാ സീറ്റുകളിൽ മത്സരിക്കാൻ ജെഎംഎം താൽപര്യപ്പെട്ടിരുന്നു. എന്നാൽ ആർജെഡി, കോൺഗ്രസ് നേതൃത്വങ്ങൾ അവസാന നിമിഷം വരെ തീരുമാനം വൈകിപ്പിച്ചു. ഇത് പാർട്ടി നേതൃത്വത്തെ ആർജെഡിയുമായും കോൺഗ്രസുമായുമുള്ള നിലവിലെ സഖ്യം പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്. അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഹേമന്ത് സോറനെതിരെ ഇ.ഡിയുടെ നിലവിലുള്ള കേസുകളും മുന്നണി മാറ്റത്തിന്റെ കാരണങ്ങളിൽ ഉൾപ്പെടുന്നു.
ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിനു 56 സീറ്റുകളാണ് ജാർഖണ്ഡ് നിയമസഭയിലുള്ളത്. ജെഎംഎമ്മിന് 34 സീറ്റുകളും കോൺഗ്രസിന് 16 സീറ്റുകളും രാഷ്ട്രീയ ജനതാദളിനു നാലും ഇടതുപക്ഷത്തിനു രണ്ടും സീറ്റുകളുണ്ട്. ബിജെപിക്ക് 21 സീറ്റുകളുണ്ട്. എൽജെപി ഒന്ന്, എജെഎസ്‌യു ഒന്ന്, ജെഡിയു ഒന്ന് എന്നിങ്ങനെയാണ് പ്രതിപക്ഷ കക്ഷിനില. ജെഎംഎം ബിജെപിയുമായി സഖ്യം രൂപവത്കരിക്കുകയാണെങ്കിൽ സഖ്യത്തിൽ 58 എംഎൽഎമാരുണ്ടാകും. 16 കോൺഗ്രസ് എംഎൽഎമാരിൽ കുറഞ്ഞത് എട്ട് പേരെങ്കിലും തങ്ങളുടെ ചേരിയിലെത്തുമെന്നും ബിജെപി കണക്കുക്കൂട്ടുന്നു.