ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ചരിത്രമെഴുതി എന്‍.ഡി.എയുടെ അശ്വമേധം. നിതീഷ് കുമാര്‍– മോദി തരംഗത്തില്‍ മഹാസഖ്യം വേരോടെ കടപുഴകി. 243 ല്‍ 207 സീറ്റ് നേടിയാണ് എന്‍.ഡി.എ വമ്പന്‍ വിജയം സ്വന്തമാക്കിയത്. മഹാസഖ്യം 30 സീറ്റില്‍ ഒതുങ്ങി. സദ്ഭരണത്തിന് ജനങ്ങള്‍ നല്‍കിയ സമ്മാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. വൈകിട്ട് ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് മോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.
താമര കോര്‍ത്ത് നിതീഷ് കുമാര്‍ എയ്ത അമ്പ് തുളച്ചുകയറിയത് മഹാസഖ്യത്തിന്‍റെ നെഞ്ചില്‍. ഒന്നെഴുന്നേറ്റുനില്‍ക്കാന്‍ പോലും സാധിക്കാത്തവിധം യുധഭൂമിയില്‍ പ്രതിപക്ഷം നിരായുധരായി. പാടലീപുത്രയില്‍ ഒരിക്കല്‍കൂടി നിതീഷ് കുമാറിന്‍റെ പട്ടാഭിഷേകം. വോട്ടെണ്ണലിന്‍റെ ഒരുഘട്ടത്തില്‍ പോലും ആര്‍.ജെ.ഡി– കോണ്‍ഗ്രസ് സഖ്യത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. പോസ്റ്റല്‍ ബാലറ്റില്‍ തുടങ്ങിയ എന്‍.ഡി.എയുടെ ലീഡ് ഇ.വി.എമ്മിലേത്തിയപ്പോള്‍ കുതിച്ചുകയറി. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 122 സീറ്റ് പിന്നിട്ടതോടെ എന്‍.ഡി.എ ക്യാംപില്‍ ആഘോഷം തുടങ്ങി.
മഹാസഖ്യത്തിന്‍റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നൊന്നായി എന്‍.ഡി.എ ആധിപത്യമുറപ്പിക്കുന്നതാണ് കണ്ടത്. മിധിലാഞ്ചലിലും മഗധിലും ത്രിഹൂട്ടിലും ഭോജ്പൂരിലും ബി.ജെ.പി– ജെ.ഡി.യു സഖ്യം വ്യക്തമായ മേല്‍ക്കൈ നേടി. ന്യൂനപക്ഷ വോട്ടുകള്‍ ഏറെയുള്ള സീമാഞ്ചലില്‍ പിടിച്ചുനിന്നെങ്കിലും കഴിഞ്ഞതവണത്തെ പ്രകടനം പുറത്തെടുക്കാന്‍ മഹാസഖ്യത്തിന് കഴിഞ്ഞില്ല. എന്‍.ഡി.എയില്‍ അഞ്ച് ഘടകകക്ഷികളും മികച്ച പ്രകടനം നടത്തിയപ്പോള്‍ മഹാസഖ്യത്തില്‍ രണ്ടക്കം കടന്നത് ആര്‍.ജെ.ഡി. മാത്രം. കഴിഞ്ഞ തവണ 19 സീറ്റ് നേടിയ കോണ്‍ഗ്രസിനും 16 സീറ്റ് നേടിയ ഇടതു പാര്‍ട്ടികള്‍ക്കും ലഭിച്ചത് അഞ്ചില്‍ താഴെ സീറ്റുകള്‍ മാത്രം. ഇരു മുന്നണികളുടെയും വോട്ട് ബാങ്കില്‍ കടന്നുകയറുമെന്ന് പ്രതീക്ഷിച്ച ജന്‍ സുരാജ് പാര്‍ട്ടിക്ക് പലയിടത്തും കെട്ടിവച്ച കാശ് ലഭിച്ചില്ല. കാര്യമായ നഷ്ടം സംഭവിക്കാതിരുന്നത് അസദുദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിന് മാത്രം. വമ്പന്‍ ജയത്തിന് പിന്നാലെ എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടക്കുമ്പോള്‍ മഹാസഖ്യത്തിന് ഇനി ആത്മപരിശോധനയുടെ സമയം