Image Credit: PTI
രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. പിന്നാലെ വോ ട്ടിങ് മെഷീനിലെ വോട്ടുകളും എണ്ണാന്‍ തുടങ്ങും. 10 മണിയോടെ ഫലം എങ്ങോട്ടെന്ന സൂചനകള്‍ ലഭ്യമാകും. വൈകുന്നേരത്തോടെ ഔദ്യോഗിക ഫലപ്രഖ്യാപനം. 243 അംഗ ബിഹാര്‍ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 122 സീറ്റ് വേണം.
66.91 ശതമാനമാണ് ഇക്കുറി പോളിങ്. ബിഹാറില്‍ ഇത് റെക്കോര്‍ഡാണ്. എക്സിറ്റ് പോളുകളെല്ലാം എന്‍ഡിഎയ്ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. 30 മുതല്‍ 167 സീറ്റുകള്‍ വരെയാണ് എക്സിറ്റ് പോളുകള്‍ എന്‍ഡിഎയ്ക്ക് പ്രവചിച്ചത്. ഇന്ത്യ സഖ്യത്തിന് പരമാവധി 108 സീറ്റുകളും.
അട്ടിമറി ജയമുണ്ടാകുമെന്നും ജനം തേജസ്വിയുടെ കൈ പിടിക്കുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് മഹാസഖ്യം. ‘ഇന്ത്യ’ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും വോട്ടെണ്ണല്‍ ദിവസവും ജാഗ്രത കൈവിടരുതെന്നും ക്രമക്കേടിന് ഇട നല്‍കരുതെന്നുമായിരുന്നു തേജസ്വി യാദവിന്‍റെ പ്രതികരണം. ആത്മവിശ്വാസത്തിലാണെന്നും ബിഹാര്‍ തനിക്കൊപ്പം തന്നെയെന്നും നിതീഷ്കുമാറും പറയുന്നു. അതേസമയം പ്രശാന്ത് കിഷോറിന്‍റെ ജന്‍സുരാജ് പാര്‍ട്ടിക്ക് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിയില്ലെന്നും വിലയിരുത്തലുകളുണ്ട്.