ബിഹാറില്‍ തകര്‍ന്നടിഞ്ഞ് തേജസ്വി യാദവും രാഹുല്‍ ഗാന്ധിയും നയിച്ച ഇന്ത്യസഖ്യം. ഒറ്റയക്കത്തില്‍ ഒതുങ്ങിയ കോണ്‍ഗ്രസ് ഈ പരാജയം വിശദീകരിക്കാന്‍ പാടുപെടും. സഖ്യത്തെ നയിച്ച ആര്‍ജെഡിയുടെ നിലയും ഒട്ടും മികച്ചതല്ല. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണവും വോട്ടുകൊള്ളയുമാണ് എന്‍ഡിഎയുടെ വിജയ തന്ത്രമെന്ന് കുറ്റപ്പെടുത്തി പിടിച്ച് നില്‍ക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ഇന്ത്യ സഖ്യപാര്‍ട്ടികളും.
സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിലെ വെട്ടിനിരത്തലും വോട്ടര്‍ പട്ടികയിലെ ക്രമക്കേടും മാത്രമാണ് മഹാസഖ്യത്തിന് ബിഹാറില്‍ ഇനി പറയാവുന്ന ന്യായവാദങ്ങള്‍. 2020മായി താരതമ്യം ചെയ്യുമ്പോള്‍ അതിദയനീയ പ്രകടനമാണ് ഇത്തവണത്തേത്. വോട്ടണ്ണലിന്‍റെ തുടക്കില്‍ പ്രതീക്ഷ പ്രകടിപ്പിച്ച ആര്‍ജെഡി പിന്നീട് കൂപ്പുകുത്തി. പതിവ് തകര്‍ച്ച ആവര്‍ത്തിച്ച കോണ്‍ഗ്രസ് സീറ്റെണ്ണത്തില്‍ ഇടതുപാര്‍ട്ടികള്‍ക്കും പിന്നിലായി.
പിടിച്ചുവാങ്ങിയ പലസീറ്റുകളിലും തോറ്റമ്പിയത് കോണ്‍ഗ്രസിന്‍റെ സംഘടനാദൗര്‍ബല്യം ഒരിക്കല്‍ക്കൂടി തെളിയിക്കാന്‍ പര്യാപ്തമാണ്. സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസുകാര്‍ പരസ്യമായി തെരുവിലടിച്ചത് ബൂത്തിലെത്തിയപ്പോള്‍ ജനം മറന്നില്ല. സിപിഎമ്മിനും സിപിഐയ്ക്കും CPI- ML നും വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്കും കാര്യമായ നേട്ടമുണ്ടാക്കാനാകാത്തതും മഹാസഖ്യത്തിന് തിരിച്ചടിയായി.
നിതീഷ് കുമാറിന്‍റെ ജനപ്രീതിക്ക് മുന്നില്‍ തേജസ്വി യാദവ് നിഷ്പ്രഭനായ കാഴ്ച കൂടിയാണ് ബിഹാര്‍ കണ്ടത്. ലാലുപ്രസാദിന്‍റെ ജംഗിള്‍ രാജ് ഓര്‍മിപ്പിച്ച നരേന്ദ്രമോദിയുടെ പ്രചാരണവും തേജസ്വിക്കെതിരായി ജനവികാരം തിരിച്ചു. യുവാക്കളെ കയ്യിലെടുക്കാനും ലാലുപ്രസാദ് യാദവിന്‍റെ മകനായില്ല. തോല്‍വിയുടെ ആഘാതം കൂട്ടി പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിയും AIMIMഉം വോട്ട് പിടിച്ചു. ഉയര്‍ത്തിയ വിഷയങ്ങളും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും സംസ്ഥാനത്തിനും ഇന്നത്തെ കാലത്തിനും അനുയോജ്യമായിരുന്നില്ലെന്ന വിമര്‍ശനം ആരംഭത്തിലെ ഉയര്‍ന്നിരുന്നു. തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായും 11 ശതമാനം വരുന്ന മുസ്ലിം വിഭാഗത്തെ പരിഗണിക്കാതെ മുകേഷ് സാഹ്നിയെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥിയായും ഉയര്‍ത്തിക്കാട്ടിയതും തിരിച്ചടിച്ചെന്നാണ് വിലയിരുത്തല്‍.