vote-adikar-yatra-rahul-gandhi

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ.ഡി.യു– ബി.െജ.പി ഉള്‍പ്പെടുന്ന എന്‍ഡിഎയ്ക്ക് വലിയ വിജയമാണ് ഇന്നലെ പുറത്തുവന്ന എക്സിറ്റ് പോളുകള്‍ നല്‍കിയത്. ഏകദേശം ഒന്‍പത് എക്സിറ്റ് പോളുകള്‍ എന്‍ഡിഎയ്ക്ക് വിജയം നല്‍കിയപ്പോള്‍ ഒരെണ്ണമാണ് കോണ്‍ഗ്രസിന് അനുകൂലമായത്. പ്രാദേശിക ന്യൂസ് പോര്‍ട്ടലായ ജേര്‍ണോ മിററിന്‍റെ സര്‍വെ ഇന്ത്യ മുന്നണി ബിഹാര്‍ നേടുമെന്നാണ് പറയുന്നത്.

ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് 130-140 സീറ്റുവരെയാണ് സര്‍വെ പ്രവചിക്കുന്നത്. 234 അംഗ ബിഹാര്‍ അസംബ്ലിയില്‍ 122 സീറ്റാണ്  കേവലഭൂരിപക്ഷം. എന്‍ഡിഎയ്ക്ക് 100-110 സീറ്റുകളും എഐഎംഐഎമ്മിന് 3-4 സീറ്റുകളുമാണ് ജേര്‍ണോ മിററിന്‍റെ പ്രവചനം. പ്രശാന്ത് കിഷോറിന്‍റെ ജന്‍ സൂരജ് അടക്കമുള്ള മറ്റു പാര്‍ട്ടികള്‍ 0-3 സീറ്റു വരെ നേടാം എന്നുമാണ് എക്സിറ്റ് പോള്‍. 

ഹിന്ദി ഭാഷയില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ത്താ മാധ്യമമാണ് ജേർണോ മിറർ. 2021 മുതല്‍ പ്രവര്‍ത്തിക്കുന്ന ജേര്‍ണോ മിറര്‍ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയവും സാമൂഹിക വിഷയങ്ങളുമാണ് കൈകാര്യം ചെയ്യന്നത്. എക്സില്‍ 66,000 ഫോളോവേഴ്‌സും ഇൻസ്റ്റാഗ്രാമിൽ 266,000 ഫോളോവേഴ്‌സും പേജിനുണ്ട്. 

വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ ഇന്നലെ പുറത്തുവന്ന എക്സിറ്റ് പോളുകള്‍ പ്രചാരം എന്‍ഡിഎ സഖ്യം 133-167 സീറ്റ് നേടും. ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, ഇടത് സഖ്യത്തിന് 73-102 സീറ്റാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. പ്രശാന്ത് കിഷോറിന്‍റെ ജന്‍ സൂരജ് പാര്‍ട്ടി വലിയ ഇംപാക്ട് ഉണ്ടാക്കില്ലെന്നാണ് എക്സിറ്റ് പോളിന്‍റെ കണ്ടെത്തല്‍.  0-5 സീറ്റാണ് പാര്‍ട്ടിക്ക് പ്രവിക്കുന്നത്.  അതേസമയം 2020 ലും 2015 ലും എക്സിറ്റ് പോളുകളെ തള്ളിയ ജനവിധിയാണ് ബിഹാറില്‍ ഉണ്ടായത്. നവംബര്‍ 14 നാണ് വോട്ടെണ്ണല്‍. 

ENGLISH SUMMARY:

Bihar election exit polls are predicting an NDA victory in the recent assembly elections. However, past elections have shown exit polls can be unreliable, and the final outcome remains to be seen after the vote count on November 14th.