രാഹുല്‍ ഗാന്ധി പുറത്തുവിട്ട ഹരിയാന വോട്ടുകൊള്ള ആരോപണത്തില്‍ മൗനം തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇനിയും തെളിവുകള്‍ പുറത്തുവിടുമെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പു നല്‍കി. താൻ ഒരു തവണ മാത്രമാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍ പട്ടികയില്‍ 223 പേരില്‍ ഫോട്ടോ പ്രത്യക്ഷപ്പെട്ട ചരണ്‍ജിത് കൗര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തിരഞ്ഞെടുപ്പ് കമ്മിഷനും ചേര്‍ന്ന് ഭരണഘടനയെ ആക്രമിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ആരോപണം ഉന്നയിച്ച് രണ്ടുദിവസം പിന്നിട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിച്ചില്ല. ഹരിയാനയില്‍ സംഭവിച്ചത് ബിഹാറിലും സംഭവിക്കും. രാജ്യത്തെ ജെന്‍ സിയെ വോട്ടുകൊള്ള ബോധ്യപ്പെടുത്തുമെന്നും രാഹുല്‍ വ്യക്തമാക്കി.
മറ്റുള്ളവരുടെ പേരിനൊപ്പം തന്‍റെ ഫോട്ടോ വന്നത് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് എഴുപത്തിയഞ്ചുകാരിയായ ചരണ്‍ജിത് കൗര്‍ ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു,. വോട്ടര്‍പട്ടികയില്‍ തന്‍റെയും 10 കുടുംബാംഗങ്ങളുടെയും പേരിനൊപ്പം ചരണ്‍ജീത്തിന്‍റെ ഫോട്ടോയാണെന്ന് ലഖ്മീര്‍ സിങ് എന്ന വോട്ടറും പറഞ്ഞു. തിരിച്ചറിയില്‍ കാര്‍ഡില്‍ യഥാര്‍ഥ ഫോട്ടോയാണ് ഉള്ളതെന്നും ലഖ്മീര്‍ ചൂണ്ടിക്കാട്ടി.