ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിലെ റെക്കോർഡ് പോളിങ്ങ് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ മുന്നണികൾ. ജയം ഉറപ്പെന്ന് എന്‍ഡിഎയും, മാറ്റത്തിനായാണ് ജനം വോട്ടു ചെയ്തതെന്ന് മഹാസഖ്യവും അവകാശപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ്ങാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയത്.
വോട്ടെടുപ്പ് നടന്ന 121 മണ്ഡലങ്ങളിൽ 100 വരെ സീറ്റുകൾ നേടുമെന്നാണ് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരിയുടെ അവകാശവാദം. ലാലു കുടുംബത്തിൽ നിന്ന് ഒരാൾ പോലും ജയിക്കില്ലെന്നും സാമ്രാട്ട് ചൗധരി പറഞ്ഞു. മാറ്റത്തിനായാണ് ജനങ്ങൾ കൂട്ടത്തോടെ പോളിങ്ങ് ബൂത്തിൽ എത്തിയതെന്ന് മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് ചൂണ്ടിക്കാട്ടി.
ബിഹാറില്‍ മാറ്റത്തിന്‍റെ സൂചനയാണ് കാണുന്നതെന്ന് ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോറും പറയുന്നു. ജെഎസ്‌പി വോട്ടുകൾ ഭിന്നിപ്പിക്കാൻ സാധ്യതയുണ്ട് എന്നത് അവകാശവാദങ്ങൾക്കിടയിലും മുന്നണികളെ ആശങ്കപ്പെടുത്തുന്നു.