നേതാക്കളുള്‍പ്പടെ അണികളുടെ കൂട്ടക്കൊഴിച്ചിലില്‍ പ്രതിസന്ധിയിലായി ട്വന്‍റി20. കോണ്‍ഗ്രസ് വിട്ടുപോയവരൊക്കെ മാതൃസംഘടനയിലേയ്ക്ക് തിരിച്ചെത്തിത്തുടങ്ങി. ഏകപക്ഷീയ തീരുമാനത്തില്‍ വിയോജിപ്പറിയിച്ചവരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇടതും വലതും.
കഴിഞ്ഞ നിയമസഭതിരഞ്ഞെടുപ്പില്‍ കുന്നത്തുനാട്ടില്‍ ജയം ഇടതിനായിരുന്നെങ്കിലും ട്വന്‍റി 20യുടെ വരവില്‍ ഇടതിനും വലതിനും ശക്തിക്ഷയിച്ചിരുന്നു. 2020ലെ തിരഞ്ഞെടുപ്പില്‍ അത് പ്രകടമായതുമാണ്. ഇത്തവണ ഒറ്റയ്ക്കൊറ്റയ്ക്കുനിന്നാല്‍ തിരിച്ചടിയുണ്ടാകും എന്നുമനസിലാക്കി ഇരുമുന്നണികളും യോജിക്കുകയും ചെയ്തിരുന്നു. ട്വന്‍റി 20 എന്‍ഡിഎ കൂടാരത്തിലെത്തിയതൊടെ അണികളുമായുള്ള ചര്‍ച്ച കോണ്‍ഗ്രസും, സിപിഎമ്മും സജിവമാക്കിയിട്ടുണ്ട്. അതിന്‍റെ ആദ്യപടിയാണ് ഇന്നലെ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ ഒരുവിഭാഗം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സിപിഎമ്മും പലരുമായും ചര്‍ച്ചപൂര്‍ത്തിയാക്കിക്കഴിഞ്ഞു. പഞ്ചായത്തഗംങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. തിരക്കിട്ടൊരു തീരുമാനമെടുക്കാതെ പരമാവധി ആളുകളെ പാര്‍ട്ടിയിലെയ്ക്കെത്തിക്കാനാണ് സിപിഎം ശ്രമം. ട്വന്‍റി 20യുമായി നിരന്തരം തര്‍ക്കത്തിലായിരുന്ന പി.വി ശ്രീനിജന്‍ എംഎല്‍എയും ഇക്കാര്യത്തില്‍ മുന്‍നിരയിലുണ്ട്.
എല്ലാവിഭാഗത്തെയും ഉള്‍ക്കൊള്ളിച്ച് മുന്നോട്ടുപോയ ട്വന്‍റി 20യുടെ നിലപാടുമാറ്റത്തില്‍ പ്രവര്‍ത്തകര്‍ ആശങ്കാകുലര്‍ ആണെന്നുമാത്രമല്ല, സംശയാലുക്കളുമാണ്. ഇടതുവലതുമുന്നണികള്‍ ആരോപിച്ച കച്ചവടതാല്‍പര്യം ശരിവയ്ക്കുകയാണ് ട്വന്‍റി 20യിലെ ഭൂരിഭാഗവും. ബി.ജെ.പി അനുഭാവമുള്ളവരൊഴികെയുള്ളവര്‍ ഇതിനകം നിലപാടുമാറ്റത്തില്‍ എതിര്‍പ്പറിയിച്ച് പുറത്തുവന്നുകഴിഞ്ഞു. മുസ്ലിം വിഭാഗം അപ്പാടെ കിഴക്കമ്പലം പാര്‍ട്ടിയെ തള്ളിക്കളഞ്ഞു. അണികളുടെ നിരന്തര കൊഴിഞ്ഞുപോക്കിനിടെ വിശദീകരണത്തിനായി ഇന്ന് 12ന് കൊച്ചിയില്‍ സാബു എം. ജേക്കബ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.