രാഹുല്‍ ഗാന്ധിയുടെ ‘ഹരിയാന വോട്ട് ചോരി’ ആരോപണത്തില്‍ മറുപടിയില്ലാതെ തിരഞ്ഞെടുപ്പ് കമ്മിഷന്‍. 24 മണിക്കൂര്‍ പിന്നിട്ടിട്ടും ഔദ്യോഗിക പ്രതികരണമില്ല. അതേസമയം, ബ്രസീലിയന്‍ മോഡലിന്റെ ചിത്രമുള്ള 22 വോട്ടര്‍മാരില്‍ 5 പേര്‍, യഥാര്‍ഥ വോട്ടര്‍മാരാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തി. ചിത്രം മാറിയത് എങ്ങനെയെന്ന് അറിയില്ലെന്ന് ഇവര്‍ പ്രതികരിച്ചതായി ഇംഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും വെളുപ്പിക്കാന്‍ ഇറങ്ങിയതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ബിഹാറിലെ പൂര്‍ണിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ ഇന്നും രാഹുല്‍ ഗാന്ധി വോട്ട് കൊള്ള ആരോപണം ആവര്‍ത്തിച്ചു. 2024ലെ ഹരിയാന തിരഞ്ഞെടുപ്പില്‍ ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഉപയോഗിച്ച് വിവിധ പേരുകളില്‍ 22 പേരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു എന്നായിരുന്നു രാഹുലിന്റെ ആരോപണം. എന്നാല്‍ 2012ലെ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് വോട്ട് ചെയ്തതെന്നും ഐഡി കാര്‍ഡില്‍ ശരിയായ ചിത്രമാണ് ഉള്ളതെന്നും ഇക്കൂട്ടത്തില്‍ പെട്ട സ്വീറ്റി ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു. ഐഡി കാര്‍ഡിലെ ഫോട്ടോ അടുത്ത മണ്ഡലത്തിലെ ഒരാളുടേതാണെന്നും മാറ്റാന്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും പിങ്കി എന്ന സ്ത്രീയും പ്രതികരിച്ചു. ഒരേ വിലാസത്തില്‍ 66 വോട്ടെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ച സ്ഥലത്ത് താമസിക്കുന്നത് കൂട്ടുകുടുംബമാണെന്നാണ് റിപ്പോര്‍ട്ട്. 10 ഏക്കറിൽ പല വീടുകളിലായാണ് ഇവര്‍ കഴിയുന്നത്.
എന്നാല്‍ ഏതാനും പേരെ അണിനിരത്തി രാഹുൽഗാന്ധി പറഞ്ഞത് കള്ളമാണെന്ന് വാദിക്കാനാണ് ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വോട്ടര്‍പട്ടികയിലെ ആവർത്തനം തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഡീ-ഡ്യൂപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ മൂന്ന് വർഷമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിക്കുന്നില്ല. വീടുകള്‍ തോറുമുള്ള പരിശോധന നടക്കാത്തപ്പോൾ മാത്രമേ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കൂകയുള്ളു എന്നും സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണപ്രകാരം ഈ പ്രക്രിയ നടക്കുന്നുണ്ട് എന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.