പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാനുള്ള നീക്കത്തെ എതിര്‍ത്ത് യു.ഡി.എഫ്. നിയമസഭാ എത്തിക്സ് കമ്മിറ്റിയില്‍ എതിര്‍പ്പറിയിച്ചു. കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ്‌വഴക്കമില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഘടകകക്ഷികളും തീരുമാനത്തോട് യോജിച്ചു. യുഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് അയോഗ്യതാ നീക്കത്തെ എതിര്‍ക്കാന്‍ തീരുമാനിച്ചത്. അതേസമയം, രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ നടപടിയില്‍ മാറ്റമില്ലെന്നു നേതൃത്വം വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിലെ കോണ്‍ഗ്രസ് എതിര്‍പ്പില്‍ അദ്ഭുതമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരായ പരാതി നിയമസഭ എത്തിക്ക്സ് കമ്മറ്റി പരിഗണിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 23 ന് പരാതി നൽകിയ ഡി.കെ. മുരളി എം.എൽ.എയുടെ ഭാഗം സമിതി കേൾക്കും. ഡി.കെ. മുരളി നൽകിയ പരാതിയിൽ രാഹുലിനെതിരെ എത്തിക്സ് കമ്മിറ്റി ചട്ട പ്രകാരം നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പകരം വിഷയം സഭയിൽ ഉന്നയിക്കാൻ അനുവദിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് എത്തിക്സ് കമ്മിറ്റിയല്ല സ്പീക്കറാണ് തീരുമാനിക്കേണ്ടത് എന്ന അഭിപ്രായം സമിതിയിൽ ഉയർന്നു. തുടർ നടപടികൾ എത്തിക്സ് കമ്മിറ്റി പിന്നീട് തീരുമാനിക്കും.
മൂന്നാം ലൈംഗിക പീഡനക്കേസിൽ മാങ്കൂട്ടത്തിലിനു ജാമ്യം ലഭിച്ചിരുന്നു. പരാതി നൽകാൻ വൈകിയെന്നും അറസ്റ്റിന്റെ കാര്യത്തിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും കോടതിവിധിയിലുണ്ട്. കാനഡയിലുള്ള അതിജീവിതയെ പ്രതി എങ്ങനെ ഭീഷണിപ്പെടുത്തുമെന്ന ചോദ്യവും ഉന്നയിച്ചിട്ടുണ്ട്. ബന്ധം പരസ്പര സമ്മതത്തോടെയെന്നു തെളിയിക്കാൻ പ്രതിഭാഗം ശബ്ദരേഖ ഹാജരാക്കിയിരുന്നു. യുവതിയുടെ മാത്രം ശബ്ദമുള്ള പെൻഡ്രൈവ് ആണ് ഹാജരാക്കിയത്. ആരുടെയും സമ്മർദമില്ലാത്ത രീതിയിലാണ് യുവതിയുടെ ശബ്ദരേഖ കേൾക്കുന്നതെന്നു നിരീക്ഷിച്ച കോടതി ശബ്ദം അതിജീവിതയുടേതോ എന്നതിൽ സ്ഥിരീകരണം നടത്തിയില്ല.