മഞ്ചേശ്വരത്ത് പിതാവ് ഏകമകളെ വെട്ടിക്കൊന്ന സംഭവത്തില്‍ വെട്ടേറ്റ ബന്ധുവും മരിച്ചു. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവ് ഷെയ്ക്ക് കുഞ്ഞിയാണ് (53)മരിച്ചത്. ഷെയ്ക്കിനെ ആക്രമിക്കുന്നതിനിടെയിലാണ് മകള്‍ ജുമൈലയ്ക്ക് വെട്ടേറ്റത്. മകള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ദിവസങ്ങളായി തുടർന്ന കുടുംബ പ്രശ്നങ്ങൾക്കിടെയാണ് ആക്രമണം.
ഇന്നലെ വൈകിട്ട് ഷേക്കുഞ്ഞിയുടെ വീട്ടിലാണ് സംഭവം. ഷേക്കുഞ്ഞിയുടെ വീട്ടിലാണ് ജുമൈലയും ഉമ്മ താഹിറയും താമസം. ഉമ്മർ ഫാറൂഖും താഹിറയും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങളുള്ളതായി പൊലീസ് പറഞ്ഞു. പ്രശ്നങ്ങൾ ചർച്ചചെയ്യാനായി ഇരുവരുടെയും ബന്ധുക്കൾ ഒത്തുകൂടിയിരുന്നു. ബന്ധം വേർപിരിയുന്നതെങ്കിൽ തനിക്കു കുടുംബസ്വത്തായി ലഭിച്ച് പിന്നീട് ഭാര്യയുടെ പേരിലാക്കി മാറ്റിയ 10 സെന്റ് സ്ഥലം തിരിച്ച് എഴുതിത്തരണമെന്ന് ഉമ്മർ ആവശ്യപ്പെട്ടു. ഈ സ്വത്ത് മകളുടെ പഠനത്തിനും മറ്റും വേണമെന്നു താഹിറയും ഷേക്കുഞ്ഞിയും പറഞ്ഞു. ഇതിൽ പ്രകോപിതനായ ഉമ്മർ കയ്യിൽകരുതിയ കത്തി ഉപയോഗിച്ച് ഷേക്കുഞ്ഞിയെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ സ്കൂളിൽ നിന്നെത്തിയ മകൾ ജുമൈലയ്ക്ക് തടയാൻ ശ്രമിക്കുന്നതിനിടെ കഴുത്തിലും വയറ്റിലും കുത്തേറ്റു.
ഇരുവരെയും ഉപ്പളയിലെയും പിന്നീട് മംഗളൂരുവിലെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗൾഫിലായിരുന്ന ഉമ്മർ ഫാറൂഖ് 2 മാസം മുൻപാണ് നാട്ടിലെത്തിയത്. സംഭവസ്ഥലത്തുതന്നെ ഉണ്ടായിരുന്ന ഉമ്മർ ഫാറൂഖിനെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. പ്രതിയെ മദ്യലഹരിയിലാണെന്നും മൊഴി രേഖപ്പെടുത്തിയശേഷം അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.