New Delhi: Union Minister of Parliamentary Affairs Kiren Rijiju addresses a press conference at the BJP headquarters, in New Delhi, Wednesday, Nov. 5, 2025. (PTI Photo/Salman Ali)(PTI11_05_2025_000187B)
ഹരിയാനയില്‍ 25 ലക്ഷത്തിന്‍റെ വോട്ടുകൊള്ള നടന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് ബിജെപി. ഓരോ വിദേശയാത്രയ്ക്കും ശേഷമാണ് രാഹുലിന് ഇത്തരം വിവരങ്ങള്‍ കിട്ടുന്നത്. അത് സംശയാസ്പദമാണെന്നും രാജ്യത്തെ താറടിച്ച് കാണിക്കുകയാണെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
രാജ്യവിരുദ്ധ ശക്തികളുമായി സഹകരിച്ചാണ് രാഹുലിന്‍റെ പ്രവര്‍ത്തനം. ജനങ്ങളെ കാണുകയോ പ്രചാരണത്തിനിറങ്ങുകയോ ചെയ്യാതെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഹുല്‍ വിദേശത്തേക്ക് പോവുകയാണ്. പിന്നീട് പാര്‍ട്ടി തോല്‍ക്കുന്നതിന് കരഞ്ഞിട്ട് കാര്യമില്ലെന്നും പാര്‍ലമെന്‍ററി കാര്യമന്ത്രി കൂടിയായ റിജിജു കൂട്ടിച്ചേര്‍ത്തു. വോട്ടിങില്‍ തിരിമറി നടന്നുവെന്ന് സംശയമുണ്ടായിരുന്നുവെങ്കില്‍ അന്നേ തിരഞ്ഞെടുപ്പ് കമ്മിഷനെയോ കോടതിയെയോ സമീപിക്കുകയായിരുന്നു വേണ്ടത്. പക്ഷേ ഒരിക്കല്‍ പോലും രാഹുല്‍ അതിന് തയാറായില്ലെന്നും ബിജെപി കുറ്റപ്പെടുത്തുന്നു.
ഹരിയാന തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകളില്‍ കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ 5,21,619 ഇരട്ടവോട്ടുകളിലൂടെയും മറ്റ് ക്രമക്കേടുകളിലൂടെയും ഫലം അട്ടിമറിച്ചുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. ബ്രസീല്‍ മോഡല്‍ മതിയൂസ് ഫെരെരോയുടെ പേരില്‍ 22 വോട്ട് രേഖപ്പെടുത്തിയെന്നും രാഹുല്‍ വെളിപ്പെടുത്തി. പല പേരുകളില്‍ പത്തുബൂത്തുകളിലാണ് വോട്ട് ചെയ്തത്.
ബ്രസീലിലെ മോഡലെങ്ങനെ ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ വന്നുവെന്നും ഉത്തര്‍പ്രദേശിലെ ബിജെപി നേതാക്കള്‍ വരെ ഹരിയാനയില്‍ വോട്ട് ചെയ്തുവെന്നും രാഹുല്‍ പറഞ്ഞു. ജനാധിപത്യത്തെ തകര്‍ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൂട്ടുനില്‍ക്കുകയാണെന്നും 1,24,177 തിരിച്ചറിയല്‍ കാര്‍ഡുകളിലെ വ്യാജ ചിത്രങ്ങളടക്കം കമ്മിഷന്‍ നീക്കം ചെയ്യാതിരുന്നത് ബിജെപിക്ക് വേണ്ടിയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.