പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് സിറോ മലബാർ സഭാ നേതൃത്വം. മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് സഭാ പ്രധാനമന്ത്രിക്ക് കത്തുനൽകി. ന്യൂനപക്ഷ അവകാശങ്ങളും ചർച്ചയായി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കം ബിജെപി നേതാക്കളും കൂടിക്കാഴ്ചയുടെ ഭാഗമായി.
സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിയെ കണ്ടത്. ഔദ്യോഗിക വസതിയിലെ കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടുനിന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, അനൂപ് ആന്റണി, ഷോൺ ജോർജ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഉന്നയിച്ച വിഷയങ്ങളിൽ ഒപ്പം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സഭാ നേതൃത്വത്തിനൊപ്പം ബിജെപി നേതാക്കൾ പ്രധാനമന്ത്രിയെ കണ്ടതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും പ്രതികരണം.
സിറോ മലബാർ സഭാ നേതൃത്വവും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഛത്തീസ്ഗഡ് അടക്കം വിഷയങ്ങൾ ചർച്ചയായില്ലെന്നാണ് വിവരം. നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സഭാ നേതൃത്വം പ്രതികരിച്ചിട്ടില്ല.