Image courtesy : @RohiniAcharya2 \ X handle
ആര്‍ജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായിരുന്ന ലാലു പ്രസാദ് യാദവ് ഹാലോവീൻ ആഘോഷിച്ചതിനെ രൂക്ഷമായി വിമർശിച്ച് ബിജെപി. ലാലു പ്രസാദ് തന്റെ കൊച്ചുമക്കൾക്കൊപ്പം ഹാലോവീൻ ആഘോഷിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം. നേരത്തെ മഹാ കുംഭമേള വെറും അർഥശൂന്യമാണെന്ന് പറഞ്ഞ ലാലു, വിദേശ ഉല്‍സവമായ ഹാലോവീൻ ആഘോഷിച്ചതാണ് ബിജെപിയെ ചൊടിപ്പിച്ചത്.
ലാലു യാദവിന്റെ മകളും ആർജെഡി നേതാവുമായ രോഹിണി ആചാര്യയാണ് ലാലു കൊച്ചുമക്കൾക്കൊപ്പം ഹാലോവീൻ ആഘോഷിക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. "എല്ലാവർക്കും ഹാപ്പി ഹാലോവീൻ" എന്ന കുറിപ്പോടെയായിരുന്നു രോഹിണി പോസ്റ്റിട്ടത്. കൊച്ചുമക്കൾ ഹാലോവീൻ ആഘോഷങ്ങൾക്കായി വിവിധ വേഷങ്ങളിൽ ഒരുങ്ങി നിക്കുന്നതും ലാലു പ്രസാദ് അവർക്കൊപ്പം കളിച്ചുനടക്കുന്നതും ചിത്രങ്ങൾ എടുക്കുന്നതും ആണ് വീഡിയോയിലുള്ളത്.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് വൈറലായതോടെ ബിജെപി കിസാൻ മോർച്ച (ബിജെപികെഎം) ട്വീറ്റിലൂടെ പ്രതികരിച്ചു.' ബിഹാറിലെ ജനങ്ങളേ, മറക്കരുത്. വിശ്വാസത്തിന്റെയും ആത്മീയതയുടെയും മഹത്തായ കുംഭമേളയെ അർഥശൂന്യമെന്ന് വിളിച്ച് ബ്രിട്ടീഷ് ഉല്‍സമായ ഹാലോവീൻ ആഘോഷിക്കുന്ന ലാലു യാദവ് തന്നെയാണ് ഇത്. വിശ്വാസത്തിന് നേരെ ആര് ആക്രമണം നടത്തിയാലും ബീഹാറിലെ ജനങ്ങൾ അദ്ദേഹത്തിന് വോട്ട് ചെയ്യില്ല'.
ഫെബ്രുവരിയിൽ, പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ പങ്കെടുക്കാനെത്തിയവരിൽ 18 പേർ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് സംഭവത്തിൽ പ്രതികരിക്കവെ ആയിരുന്നു ലാലു പ്രസാദിന്റെ വിവാദ പരാമർശം. കുംഭമേളയ്ക്ക് എത്തുന്ന വലിയ ജനക്കൂട്ടത്തെക്കുറിച്ചും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള നിർദ്ദേശങ്ങളെക്കുറിച്ചും അഭിപ്രായം ചോദിച്ചപ്പോൾ, 'കുംഭ് കാ കഹാൻ കോയി മത്‌ലാബ് ഹേ. ഫല്‍തു ഹേ കുംഭ് (കുംഭത്തിന് എന്തെങ്കിലും അർഥമുണ്ടോ?... അത് വെറും അർഥശൂന്യമാണ്)' എന്നായിരുന്നു ലാലു പ്രസാദിന്റെ പരാമർശം. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.