പി.എം.ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി ഇന്നലെ നടത്തിയ അനുനയ ചർച്ചയും കബളിപ്പിക്കാനെന്ന് സിപിഐയില്‍ വികാരം. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള തന്ത്രമായിരുന്നു ഉപസമിതിയെന്ന നിര്‍ദേശം. അത് മനസിലാക്കിയാണ് നിർദേശങ്ങൾ തള്ളിയതെന്നും സിപിഐ. നവംബർ 4ലെ സംസ്ഥാന കൗൺസിൽ അതിനിർണായകമാണ്. മന്ത്രിമാരെ പിൻവലിക്കുന്നത് സംസ്ഥാന കൗൺസിൽ പരിഗണിക്കും. രാജി വയ്ക്കാന്‍ മടിക്കില്ലെന്ന സൂചന മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലുമുണ്ട്. എന്ത് പ്രത്യാഘാതമുണ്ടായാലും ഉത്തരവാദി സിപിഎം മാത്രമാണെന്നാണ് സിപിഐയുടെ നിലപാട്. എന്നാല്‍, മുന്നണിയുടെ കെട്ടുറപ്പിൽ സിപിഐയ്ക്കും ഉത്തരവാദിത്തമുണ്ടെന്നും സംസ്ഥാനത്തിന് കിട്ടാനുള്ള പണമാണ് മുഖ്യമെന്നും ആയിരുന്നു ഇന്നലെ മുഖ്യമന്ത്രി സിപിഐയെ അറിയിച്ചത്.
Read Also : മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് സിപിഐ മന്ത്രിമാര്‍; സര്‍ക്കാരിന് പണം പ്രധാനമെന്ന് പിണറായി
പി. എം. ശ്രീ വിവാദങ്ങളെ തള്ളുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. മതനിരപേക്ഷത ഉറപ്പിക്കുമെന്നും പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ വി.ശിവന്‍കുട്ടി പറയുന്നു.
ദേശീയനയത്തിലെ രാഷ്ട്രീയ ഉള്ളടക്കം അകറ്റി നിർത്തും. പിഎം ശ്രീ പദ്ധതിയെച്ചൊല്ലി തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും വിദ്യാഭ്യാസമന്ത്രി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു
രാഷ്ട്രീയ പ്രതിസന്ധി
പി.എം.ശ്രീയില്‍ ഉടലെടുത്തത് രണ്ടാം പിണറായി സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ്. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്നാല്‍ അത് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാകും. പി.എം.ശ്രീയില്‍ സിപിഐ സ്വീകരിക്കുന്ന സംഘപരിവാര്‍ വിരുദ്ധ നിലപാട്, സിപിഎമ്മിന്‍റെ നിലപാടില്ലായ്മയെ ആവര്‍ത്തിച്ച് ഫോക്കസില്‍ കൊണ്ടുവരികയുമാണ്.
അസാധാരണമായിരുന്നു മുഖ്യമന്ത്രിയുടെ നീക്കം. അനുനയത്തിന് നേരിട്ടെത്തുക, സിപിഐ സംസ്ഥാന നേതൃത്വവുമായും മന്ത്രിമാരുമായും സംസാരിക്കുക. ഇത് ഫലം കാണുമെന്നായിരുന്നു സിപിഎമ്മിന്‍റെ പ്രതീക്ഷ. പക്ഷെ മുഖ്യമന്ത്രിയുടെ അനുനയ ശ്രമം പോലും ഫലം കാണാതെ വന്നതോടെ രണ്ടാം പിണറായി സര്‍ക്കാര്‍ കാറ്റിലും കോളിലും പെട്ട അവസ്ഥയിലായി. പി.എം.ശ്രീ ഉപേക്ഷിക്കാനാവില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട്, അതിനുള്ള കാര്യകാരണ സഹിതമുള്ള വിശദീകരണം, ഉപസമിതി രൂപീകരണമടക്കമുള്ള അനുനയ ഫോര്‍മുല എല്ലാം സിപിഐ തള്ളി.
മന്ത്രിസഭാ യോഗത്തില്‍നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടു നിന്നാല്‍ സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു എന്ന വിമര്‍ശനം കേള്‍ക്കേണ്ടിവരും . മാത്രമല്ല സിപിഐയുടെ അടുത്ത നടപടി എന്താവുമെന്ന ആശങ്ക ബാക്കിയാവും. നവംബര്‍ ഒന്നിന് വിളിച്ചു ചേര്‍ക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനവും ചോദ്യചിഹ്നമായിക്കഴിഞ്ഞു. ബിജെപിയുടെ മുന്നില്‍ മുട്ടു മടക്കി എന്ന പഴിക്കൊപ്പം, വിദ്യാഭ്യാസം പലൊരു വിഷയത്തില്‍ സിപിഎമ്മും സര്‍ക്കാരും ഇടത് നിലപാടുകളില്‍ വെള്ളം ചേര്‍ത്തു എന്ന ഗുരുതര ആരോപണം തുടരുകയും ചെയ്യും. മുന്നണിക്കുള്ളില്‍ നിന്ന് ഉയരുന്ന വിമര്‍ശനങ്ങളെ പതിന്‍മടങ്ങ് മൂര്‍ച്ചയുള്ളതാക്കും പ്രതിപക്ഷം. ഇതിനിടെ അഭിനന്ദിച്ച് പരിഹസിക്കുകയാണ് ബിജെപി.
പാളിയ നീക്കം
പി.എം ശ്രീ വിവാദത്തില്‍ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമങ്ങള്‍ പാളുന്നതാണ് ഇന്നലെ ആലപ്പുഴയിൽ കണ്ടത്. ഉന്നയിച്ച വിഷയങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെന്നും വിഷയങ്ങള്‍ ബാക്കി നില്‍ക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞതോടെ ഒരു മണിക്കൂർ നീണ്ടുനിന്ന ചർച്ച നിഷ്ഫലമായി.
സിപിഐയുടെ നിർവാഹക സമിതി യോഗത്തിന് മുമ്പ് രണ്ടു തവണ ബിനോയ് വിശ്വത്തെ ബന്ധപ്പെട്ട കടുത്ത തീരുമാനങ്ങൾ എടുക്കരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചതോടെ സിപിഎം പിന്നോട്ട് പോകുന്നു എന്ന പ്രതീതി ഉണ്ടായി . ഇതോടെ രാവിലെ ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് മുഖ്യമന്ത്രി ബിനോയ് ചർച്ചയ്ക്ക് ശേഷം തീരുമാനമെന്ന് വ്യക്തമാക്കി . നിലപാടിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും എക്സിക്യൂട്ടീവ് ബിനോയ് വിശ്വത്തിന് നിർദ്ദേശം കൊടുത്തത് . മൂന്നരയ്ക്ക് ആലപ്പുഴ ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ സംസ്ഥാന സർക്കാരിന് പണം പ്രധാനമാണെന്നും പി എം ശ്രീ പദ്ധതിയിൽ നിന്നും പിന്മാറാവില്ലെന്നും മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ അറിയിച്ചു
പി എം ശ്രീ എങ്ങനെ ബാധിക്കും എന്ന് പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതിയെയോ എൽഡിഎഫ് ഉപസമിതിയോ വയ്ക്കാമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ ബിനോയ് വിശ്വം തള്ളി. ധാരണ പത്രത്തിൽ നിന്നും പിന്മാറുക മാത്രമാണ് ഏക പരിഹാരമെന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയോട് പറഞ്ഞു . തുടർന്ന് ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ നിന്നും മന്ത്രിമാർ വിട്ടുനിൽക്കണം എന്ന കാര്യത്തിൽ നിർദേശം കൊടുത്തത്. ഒന്നര ദിവസം ബാക്കി നിൽക്കുന്നതിനാൽ തീരുമാനം പ്രഖ്യാപിക്കാതെ ചർച്ച പരാജയപ്പെടുവെന്ന് ബിനോയ് സമ്മതിച്ചു
പാർട്ടി സംസ്ഥാന ഘടകത്തിന് പൂർണ്ണ പിന്തുണ നൽകിയ ജനറൽ സെക്രട്ടറി ഡി രാജ എം ഒ യു പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കടുപ്പിച്ചു പറഞ്ഞു. മന്ത്രിസഭയിൽ നിന്ന് വിട്ടു നിൽക്കുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ തീരുമാനം വരട്ടെ എന്ന് മറുപടി
പി എം ശ്രീ പദ്ധതിയുടെ ധാരണപത്രം ഒപ്പിടുന്ന കാര്യത്തിൽ വഞ്ചിക്കപ്പെട്ടു എന്ന് സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതൃപ്തി അറിയിച്ചു. അതൃപ്തി അറിയിച്ച് കൊണ്ട്
നാല് സിപിഐ മന്ത്രിമാരും ഒപ്പിട്ട കത്ത് മുഖ്യമന്ത്രിക്ക് നൽകി . 22ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം ഉന്നയിച്ചപ്പോഴും ഒപ്പിടുന്ന കാര്യം പറഞ്ഞിരുന്നില്ല. ഇത് തീർത്തും തെറ്റായ രീതിയാണെന്ന് സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ അറിയിച്ചു . നവംബർ 4 ചേരുന്ന പാർട്ടി സംസ്ഥാന കൗൺസിൽ കടുത്ത തീരുമാനങ്ങൾ എടുക്കുമെന്ന സൂചനയാണ് നൽകുന്നത്