വിഘടനവാദികളെ തുരത്താന്‍ സുവര്‍ണക്ഷേത്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ തെറ്റായിരുന്നുവെന്ന് മുതിര്‍ന്ന നേതാവ് പി. ചിദംബരം. ആ തെറ്റിന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സ്വന്തം ജീവന്‍ വിലയായി നല്‍കിയെന്നും ചിദംബരം. ചിദംബരത്തിന്‍റെ തുറന്നുപറച്ചിലില്‍ കടുത്ത അതൃപ്തിയിലാണ് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് തുറന്നുകാട്ടപ്പെട്ടെന്ന് പ്രതികരിച്ച ബിജെപി സത്യം പറഞ്ഞ ചിദംബരത്തിനെതിരെ നടപടി എടുക്കുമോയെന്ന് ചോദിച്ചു.
ആരാധനാലയത്തില്‍ സൈനികനടപടി തെറ്റായിരുന്നു എന്ന് പറയുന്ന പി. ചിദംബരം ചോദ്യംചെയ്യുന്നത് ഇന്ദിരാഗാന്ധിയുടെ നിലപാടിനെയാണ്. ആ തെറ്റിന് ഇന്ദിരാ ഗാന്ധി സ്വന്തം ജീവന്‍ വിലയായി നല്‍കിയെന്ന് കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. സൈന്യവും പൊലീസും ഇന്‍റലിജന്‍സും ചേര്‍ന്നെടുത്ത തീരുമാനത്തില്‍ ഇന്ദിരാ ഗാന്ധിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ഹിമാചല്‍പ്രദേശിലെ കസൗളിയില്‍ സാഹിത്യോല്‍സവത്തില്‍ പങ്കെടുത്ത് ചിദംബരം പറഞ്ഞു. ഓപ്പറേഷന്‍ തണ്ടറായിരുന്നു സുവര്‍ണ ക്ഷേത്രം വീണ്ടെടുക്കാനുള്ള ശരിയായ നടപടിയെന്നും മുന്‍ ആഭ്യന്തരമന്ത്രി പറഞ്ഞു. വിവാദ പരാമര്‍ശത്തില്‍ പി.ചിദംബരത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്. ക്രിമിനല്‍ കേസുകളുടെ സമ്മര്‍ദമാണോ ചിദംബരത്തിന്‍റെ പരാമര്‍ശത്തിന് കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് റാഷിദ് ആല്‍വി ചോദിച്ചു.
സുവര്‍ണ ക്ഷേത്രത്തില്‍ തമ്പടിച്ച ഖലിസ്ഥാന്‍ ഭീകരനേതാവ് ഭിന്ദ്രന്‍വാലയെയും മറ്റ് ഭീകരരയും ഒഴിപ്പിക്കാനാണ് 1984ല്‍ ഇന്ദിരാ ഗാന്ധി ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറെന്ന സൈനിക നടപടിക്ക് ഉത്തരവിട്ടത്. മാസങ്ങള്‍ക്കിപ്പുറം ഇതേ സൈനിക നടപടിയില്‍ പ്രതികാരം ചെയ്ത സ്വന്തം അംഗരക്ഷകരാല്‍ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടു.