സിപിഐയിൽ പ്രായപരിധി ഇളവ് അനുവദിച്ചേക്കില്ലെന്ന് സൂചന. ഡി.രാജ ഒഴിയേണ്ടി വന്നേക്കും. ഡി.രാജയെ പാർട്ടി തലപ്പത്ത് നിലനിർത്താനും ഒരു വിഭാഗത്തിന്റെ കഠിന ശ്രമം തുടരുകയാണ്. ആദ്യ വനിതാ ജനറൽ സെക്രട്ടറിയായി അമർജീത് കൗർ എത്തിയേക്കും.
പദവി നോക്കാതെ പ്രായപരിധി നടപ്പാക്കുക, കേരളമടക്കം വിവിധ സംസ്ഥാന ഘടകങ്ങളുടെ പ്രധാന ആവശ്യം ഇതാണ്. അസാധാരണ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ 75 വയസ്സ് പിന്നിട്ട ഡി.രാജ ഒഴിയേണ്ടി വരും. ജനറൽ സെക്രട്ടറിയായി തുടരാൻ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. രാജ ഒഴിഞ്ഞാൽ സർപ്രൈസ് എൻട്രി ഉണ്ടായില്ലെങ്കിൽ AITUC ജനറൽ സെക്രട്ടറി അമർജീത് കൗർ പാർട്ടിയുടെ പുതിയ ജനറൽ സെക്രട്ടറിയാകും. 100 വർഷമായ പാർട്ടിയുടെ ആദ്യ വനിതാ ജനറൽ സെക്രട്ടറി. 75 വയസ്സ് പൂർത്തിയായെങ്കിലും രാജയ്ക്ക് ഒരു അവസരംകൂടി നൽകണമെന്ന വികാരവും ഒരു വിഭാഗത്തിനിടയിൽ ശക്തമാണ്. ബിഹാർ, ജാർഖണ്ഡ്, യുപി ഘടകങ്ങൾ രാജയ്ക്കായി ശക്തമായി രംഗത്തുണ്ട്. ജനറൽ സെക്രട്ടറിയാവാനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
ഇന്ത്യാ മുന്നണിയുടെ ഭാഗമായിരുന്നാൽ സിപിഐക്ക് എന്തുഗുണമെന്ന ചോദ്യം ബിഹാർ ഘടകം ഉന്നയിച്ചിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ RJD - കോൺഗ്രസ് സഖ്യവുമായുള്ള സിപിഐയുടെ സീറ്റ് വിഭജനം കീറാമുട്ടിയാകും എന്ന് ഇതോടെ ഉറപ്പായി.