സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് ആഘോഷമാക്കി സിപിഐ പ്രാദേശിക നേതൃത്വം. മലപ്പുറം വണ്ടൂരിലാണ് സിപിഐ ജില്ല കമ്മിറ്റി അംഗവും എഐവൈഎഫ് ജില്ല വൈസ് പ്രസിഡന്റും മണ്ഡലം സെക്രട്ടറിയുമായിരുന്ന പി.അരുണ്‍ ഉള്‍പ്പടെയുളളവര്‍ സിപിഐ വിട്ട് ബിജെപിയിലേക്ക് പോയത് പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും സിപിഐക്കാര്‍ ആഘോഷമാക്കി ക്ഷീണം തീര്‍ക്കുകയായിരുന്നു.
പായലെ വിട,,,പൂപ്പലേ വിട എന്ന പരസ്യവാചകം എഴുതിയ ഫ്ലക്സ് ബോര്‍ഡുമായായിരുന്നു സിപിഐ പ്രവര്‍ത്തകരുടെ ആഘോഷം.അഴിമതി ആരോപണത്തില്‍ പാര്‍ട്ടി വിശദീകരണം ചോദിച്ചപ്പോഴാണ് പാര്‍ട്ടി വിട്ടതെന്നും സിപിഐ ആരോപിച്ചു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയായിരുന്ന പി.അരുണ്‍ അപ്രതീക്ഷിതമായാണ് സിപിഐ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.സജീവ സിപിഐ പ്രവര്‍ത്തകരായിരുന്ന മുകേഷ് വെട്ടുമ്മല്‍,വി.ബി.അശ്വതി എന്നിവരും ഒപ്പം ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി വിട്ട് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത് നിയമസഭ തിരഞ്ഞെടുപ്പിലേക്ക് പോവുമ്പോള്‍ സിപിഐയെ പ്രതിരോധത്തിലാക്കുന്നുണ്ട്.