pitroda-pakistan-row

Image Credit: PTI

TOPICS COVERED

പാക്കിസ്ഥാന്‍ തനിക്ക് വീടുപോലെയാണെന്നും വീട്ടിലെത്തിയ പ്രതീതിയാണ്  പാക് മണ്ണിലെത്തുമ്പോള്‍ അനുഭവപ്പെടുകയെന്നും കോണ്‍ഗ്രസിന്‍റെ ഓവര്‍സീസ് തലവന്‍ സാം പിത്രോദ. പിത്രോദയുടെ വാക്കുകള്‍ ബിജെപി രാഷ്ട്രീയ ആയുധമാക്കിക്കഴിഞ്ഞു. പാക്കിസ്ഥാനോട് കോണ്‍ഗ്രസിന് എക്കാലവും ഒരു മൃദു നിലപാടായിരുന്നുവെന്നും അത് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്നും ബിജെപി പ്രതികരിച്ചു. 

ഒരിക്കലും വറ്റാത്ത സ്നേഹമാണ് പാക്കിസ്ഥാനോട് കോണ്‍ഗ്രസിനുള്ളതെന്നും ഹാഫിസ് സയീദുമായി യാസീന്‍ മാലിക് വഴി ആശയവിനിമയം വരെ നടത്തിയിട്ടുണ്ടെന്നും ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു.  'രാഹുലിന്‍റെ ഉറ്റ അനുയായി, നേതാവ്, കുടുംബ സുഹൃത്ത് ഇതെല്ലാമായ അങ്കിള്‍ സാം ഇന്ത്യക്കാര്‍ക്കെതിരെ അറപ്പുളവാകുന്ന വംശീയ പരാമര്‍ശങ്ങള്‍ നടത്തിയ അതേ പിത്രോദ ഇതാ പാക്കിസ്ഥാന്‍ സ്വന്തം വീടുപോലെയെന്ന് പറഞ്ഞിരിക്കുകയാണ്. ഒടുങ്ങാത്ത സ്നേഹമാണ് കോണ്‍ഗ്രസിന് പാക്കിസ്ഥാനോടുള്ളത്. യാസീന്‍ മാലിക് വഴി അവര്‍ ഹാഫിസ് സയീദിനോട് വരെ ആശയവിനിമയം നടത്തിയിട്ടുണ്ട്'- പൂനാവാല എക്സില്‍ കുറിച്ചു. 

ഇന്ത്യയുടെ സുരക്ഷയും താല്‍പര്യങ്ങളുമെല്ലാം കോണ്‍ഗ്രസ് പാക്കിസ്ഥാന് വേണ്ടി അടിയറ വച്ചിട്ടുണ്ടെന്നും പൂനാവാല ആരോപിച്ചു. ' 26/11, സംഝോധ , പുല്‍വാമ, പഹല്‍ഗാം എല്ലാത്തിലും കോണ്‍ഗ്രസ് പാക്കിസ്ഥാന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ആര്‍ട്ടിക്കിള്‍ 370 ലും ഓപറേഷന്‍ സിന്ദൂറിലും സര്‍ജിക്കല്‍ സ്ട്രൈക്കിലുമെല്ലാം പാക് വാദങ്ങളാണ് കോണ്‍ഗ്രസ് ആവര്‍ത്തിച്ചത്. നമ്മുടെ സൈന്യത്തെ വില കുറച്ചു കണ്ടു. പാക്കിസ്ഥാന് സിന്ധു നദിയിലെ 80 ശതമാനം വെള്ളവും നല്‍കി. അവര്‍ക്ക് പാക്കിസ്ഥാനോടാണ് കൂറ്. ഇസ്​ലമാബാദ് നാഷനല്‍ കോണ്‍ഗ്രസ് എന്നാണ് ഐഎന്‍സിയുെട മുഴുവന്‍ പേര്. ഇന്ത്യക്കാരെ തമ്മിലടിപ്പിച്ചിട്ട് യുഎസില്‍ താമസിക്കുന്ന സാം പിത്രോദ പാക്കിസ്ഥാനെ വീടു  പോലെ കാണുകയും ചെയ്യുന്നു. ആര്‍ക്കെങ്കിലും ആശ്ചര്യമുണ്ടോ?'– പൂനാവാല കുറിച്ചു. 

ഇതാദ്യമായല്ല പിത്രോദ വിവാദ പ്രസ്താവനകളിലൂടെ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നത്. ചൈനയോടുള്ള ഇന്ത്യയുടെ സമീപനമാണ് മാറേണ്ടതെന്നായിരുന്നു ഫെബ്രുവരിയില്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പിത്രോദ പറഞ്ഞത്. ചൈനയുടെ ഭീഷണി പലപ്പോഴും പെരുപ്പിച്ചുകാട്ടുന്നതാണെന്നും ശത്രുവായി കരുതുന്നതിനുപകരം ചൈനയെ അംഗീകരിക്കുകയും ആദരിക്കുകയുമാണു വേണ്ടതെന്നും പിത്രോദ പറഞ്ഞതു ബിജെപി രാഷ്ട്രീയ ആയുധമാക്കി. പിത്രോദയുടെ പ്രസ്താവന കോണ്‍ഗ്രസ് പിന്നാലെ തള്ളുകയും െചയ്തു. 

ENGLISH SUMMARY:

Sam Pitroda's statement about Pakistan being like home has sparked controversy. This statement has been criticized by the BJP, who claim it reveals Congress's soft stance towards Pakistan and alleged past communications with Hafiz Saeed.