ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മൂന്ന് കോണ്‍ഗ്രസ് എംപിമാര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്തു എന്ന ആരോപണവുമായി ഭാരത് രാഷ്ട്ര സമിതി എംഎല്‍എ പാഡി കൗശിക റെഡ്ഡി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എംപിമാര്‍ വോട്ട് മറിച്ചതെന്നാണ് ആരോപണം. മൂന്ന് കോണ്‍ഗ്രസ് എംപിമാര്‍ ഇക്കാര്യം തന്നോട് നേരിട്ട് പറഞ്ഞെന്നും വാര്‍ത്താസമ്മേളനം നടത്തി എല്ലാവരെയും അറിയിക്കാന്‍ ആവശ്യപ്പെട്ടു എന്നുമാണ് കൗശിക് റെഡ്ഡിയുടെ അവകാശവാദം. കുറച്ച് പേരിലൊതുങ്ങുന്നതല്ല വോട്ട് കച്ചവടമെന്നും എംഎല്‍എ പറഞ്ഞു.
'കോണ്‍ഗ്രസിലെ സുഹൃത്തുക്കളോട് ബന്ധപ്പെട്ടപ്പോള്‍ 15 കോണ്‍ഗ്രസ് എംപിമാരാണ് വോട്ട് വിറ്റതെന്ന് പറഞ്ഞു. ഇതില്‍ എട്ട് എംപിമാരും തെലങ്കാനയില്‍ നിന്നുള്ളവരാണ്. ഇവര്‍ ഇക്കാര്യം കേന്ദ്രമന്ത്രിമാരെയും ലോക്സഭാ സ്പീക്കറെയും അറിയിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും അറിഞ്ഞാണ് ഇത് നടന്നത്' എന്നാണ് കൗശിക് ആരോപിക്കുന്നത്. 2016 വരെ തെലുങ്ക് ദേശം പാര്‍ട്ടിലായിരുന്നു രേവന്ത് റെഡ്ഡി.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിങ് നടന്നു എന്ന സംശയങ്ങള്‍ക്ക് പിന്നാലെയാണ് ബി.ആര്‍.എസ് എം.പിയുടെ ആരോപണം. എന്‍.ഡി.എ സ്ഥാനാര്‍ഥി സി.പി രാധാകൃഷ്ണന്‍ ഇന്ത്യ മുന്നണിയുടെ റിട്ട. ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയെ 152 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്.
സി.പി രാധാകൃഷ്ണന് 452 വോട്ട് ലഭിച്ചപ്പോള്‍ ബി. സുദര്‍ശന്‍ റെഡ്ഡിക്ക് 300 വോട്ടാണ് ലഭിച്ചത്. ഇന്ത്യ മുന്നണിയില്‍ 315 എംപിമാരുള്ളതില്‍ 15 വോട്ടിന്‍റെ കുറവുണ്ടായിരുന്നു. അതിനാല്‍ വോട്ട് മറിച്ചു എന്ന സംശയം നേരത്തെ നിലനിന്നിരുന്നു. വോട്ട് ചെയ്യാന്‍ യോഗ്യരായ 781 വോട്ടര്‍മാരില്‍ 767 പേരാണ് വോട്ടു ചെയ്തത്. ഇതില്‍ 752 വോട്ടാണ് സാധുവായവ.