നിഷ്പക്ഷ ഭരണഘടനാ സ്ഥാപനമെന്ന് ആവർത്തിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം പക്ഷേ കൃത്യമായ രാഷ്ട്രീയധ്വനിയുള്ളതായിരുന്നു. സത്യപ്രസ്താവം വേണമെന്ന് ആവർത്തിച്ച കമ്മീഷൻ, ആരോപണം ഉന്നയിച്ചയാൾ ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയാണ് എന്ന ഭാഗം അവഗണിച്ചു. അതേസമയം വോട്ടർപട്ടികയിൽ ക്രമക്കേട് ഉന്നയിച്ച ബിജെപി നേതാക്കൾ സത്യപ്രസ്താവം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെടുന്നില്ല.
സ്വതന്ത്രസ്ഥാപനമെന്ന് ആവർത്തിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷേ ഭരണകക്ഷിയുടെ അതേ സ്വരത്തിലാണ് രാഹുൽഗാന്ധിക്കുള്ള മറുപടി നൽകിയത്. തിരഞ്ഞെടുപ്പിൽ തോറ്റപ്പോഴാണോ വോട്ടർ പട്ടികയിലെ ക്രമക്കേട് ഓർത്തത്? നോക്കേണ്ട സമയത്ത് എന്ത് ചെയ്യുകയായിരുന്നു?. ജനപ്രാതിനിധ്യനിയമത്തിൽ ഇല്ലാത്ത മാപ്പപേക്ഷ ആവശ്യം കമ്മീഷന്റെ രാഷ്ട്രീയ ചായ്‌വ് വ്യക്തമാക്കുന്നതായി. രാഹുൽഗാന്ധിയോട് സത്യപ്രസ്താവം ചോദിക്കുന്ന അതേ കമ്മീഷൻ പക്ഷേ അദ്ദേഹം ഉന്നയിച്ച മേൽവിലാസമില്ലാത്ത വോട്ടർ പ്രശ്നത്തിന് മറുപടിയും പറഞ്ഞു.
പ്രതിപക്ഷ നേതാവ് കാണിച്ച രേഖ തിരഞ്ഞെടുപ്പ് കമ്മീഷന്റേത് തന്നെയെന്ന് സമ്മതിക്കുന്ന കമ്മീഷൻ പക്ഷേ രാഹുൽഗാന്ധി അതിനെ തെറ്റായി വ്യാഖ്യാനിച്ചു എന്ന തൊടുന്യായവും പറഞ്ഞു. ഇരട്ടവോട്ട് തെറ്റാണ്, വോട്ടർ പട്ടികയിൽ ക്രമക്കേടുമുണ്ട്, പക്ഷേ ഒന്നര ലക്ഷം പേർക്ക് എങ്ങനെ നോട്ടീസയക്കാനാവും എന്ന വിചിത്രവാദവുമുണ്ട്.
പരസ്യരേഖയായ വോട്ടർപട്ടിക വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചതിലൂടെ വ്യക്തികളുടെ സ്വകാര്യത ലംഘിച്ചു എന്ന വാദവും നിലനിൽക്കുന്നതല്ല. ബിജെപി നേതാക്കളുടെ വാർത്താസമ്മേളനത്തിൽ വ്യക്തികളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടതിനെക്കുറിച്ച് കമ്മീഷന് വിമർശനവുമില്ല. അരുണാചൽപ്രദേശിലെ ഏക വോട്ടറെപ്പോലും ചേർത്തു നിർത്തുന്നു എന്ന് അവകാശപ്പെടുന്ന കമ്മീഷൻ പക്ഷേ ബിഹാറിൽ പുറത്താക്കപ്പെടുന്ന ലക്ഷങ്ങളുടെ പേര് സുപ്രീംകോടതി ഇടപെടലിന് ശേഷമാണ് പ്രസിദ്ധീകരിക്കാൻ തയാറായത്. ബിഹാറിൽ മുമ്പും ജൂലൈയിൽ തീവ്രപരിശോധന നടത്തിയിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷൻ മഹാരാഷ്ട്രയിലും ഹിമാചലിലും തിരഞ്ഞെടുപ്പ് തൊട്ടുമുമ്പ് ആ ശ്രമം ഒഴിവാക്കിയതെന്ത് എന്ന ചോദ്യത്തിന് ഉത്തരം നൽകിയില്ല. രാജ്യത്ത് വീടില്ലാത്ത കോടിക്കണക്കിന് ജനങ്ങളുണ്ടെന്ന് കമ്മീഷൻ പറഞ്ഞത് സർക്കാരിനുള്ള അടിയായി.