കെപിസിസിയുടെ പുതിയ ഭാരവാഹികളെ സമവായത്തിലൂടെ തീരുമാനിക്കാൻ തിരക്കിട്ട ചർച്ചകൾ. സംസ്ഥാന ഭാരവാഹികളുടെ കാര്യത്തിൽ കാര്യമായ അഭിപ്രായ ഭിന്നതയില്ല. ഡിസിസി പ്രസിഡന്റുമാരുടെ കാര്യത്തിൽ യോജിപ്പിലെത്താൻ ആയിട്ടില്ല. ശശി തരൂരിനെ സണ്ണി ജോസഫ് വസതിയിൽ എത്തി കണ്ടു.
പതിവിൽ നിന്നും വിപരീതമായി എല്ലാവരുമായി വിശദമായ കൂടിയാലോചന നടത്തിയാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പ്രതിപക്ഷനേതാവ് വി ഡി സതീശനും വർക്കിംഗ് പ്രസിഡണ്ടുമാരും അന്തിമ പട്ടിക തയ്യാറാക്കുന്നത്. ചർച്ചയിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുമുണ്ട്. എംപിമാരെ എല്ലാം നേതൃത്വം നേരിട്ടു കണ്ടു. ശശി തരൂരിനെ വസതിയിൽ എത്തിക്കണ്ടാണ് അധ്യക്ഷൻ അഭിപ്രായം തേടിയത്. പുനസംഘടനയ്ക്ക് ശശിതരൂർ പിന്തുണ അറിയിച്ചു.
ദലിത് പ്രാതിനിധ്യം ഉറപ്പാക്കണം എന്ന് കൊടിക്കുന്നിൽ സുരേഷും മുൻ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പ്രാധിനിധ്യം ഉറപ്പാക്കണം എന്ന് ഡീൻ കുര്യാക്കോസും ആവശ്യപ്പെട്ടു. എംപിമാർ നൽകിയ നിർദ്ദേശപ്രകാരം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ അധ്യക്ഷമാറ്റം ഉറപ്പിച്ചപ്പോൾ പാലക്കാട്, പത്തനംതിട്ട, കാസർഗോഡ് ജില്ലകളുടെ കാര്യത്തിൽ ഭിന്നാഭിപ്രായമാണ്. ഇടുക്കിയിൽ ജോയി വെട്ടിക്കുഴി , ൻ.അശോകൻ എന്ന പേരുകളാണ് ഉയർന്നിട്ടുള്ളതെങ്കിലും ഈഴവ പ്രാതിനിധ്യത്തിന് മുൻതൂക്കം ലഭിച്ചേക്കും വയനാട്ടിൽ TJ ഐസക് , K L പൗലോസ്, രാജേഷ് കുമാർ എന്നീ പെരുകളാണുള്ളത്. എഐസിസി ജന.സെക്രട്ടറി കെസി വേണുഗോപാലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാവും അന്തിമ പട്ടിക ഹൈക്കമാൻഡിന്‍റെ അംഗീകാരത്തിന് സമർപ്പിക്കുക.