modi-bhagavat

TOPICS COVERED

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിരോധത്തിലാക്കി ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. 75 വയസായാല്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ വിരമിക്കണമെന്ന് ഭാഗവത് പറഞ്ഞു. പരാമര്‍ശം ഏറ്റെടുത്ത കോണ്‍ഗ്രസും ശിവസേനയും മോദിയെയാണ് ഭാഗവത് ലക്ഷ്യമിട്ടതെന്ന് പറഞ്ഞു.  ബി.ജെ.പി. നേതൃത്വം പ്രതികരിച്ചിട്ടില്ല. ഈ സെപ്റ്റംബറില്‍ മോദിക്കും ഭാഗവതിനും 75 വയസ് പൂര്‍ത്തിയാകും

നാഗ്പൂരില്‍ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെയാണ് ആര്‍.എസ്.എസ്. മേധാവി വിരമിക്കല്‍ പ്രായത്തെ കുറിച്ച് സംസാരിച്ചത്. രാഷ്ട്രീയ നേതാക്കള്‍ 75 വയസുകഴിഞ്ഞാല്‍ വിരമിക്കണം. സന്തോഷത്തോടെ സ്ഥാനമൊഴിഞ്ഞ് ഭാവിതലമുറയ്ക്ക് വഴിയൊരുക്കണമെന്നും ഭാഗവത് പറഞ്ഞു. 

മോദിക്കുള്ള ഓര്‍മപ്പെടുത്തലാണ് ഇതെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു. ഭാഗവത്തിനും സെപ്റ്റംബറില്‍ 75 വയസ് തികയും. ഇക്കാര്യം മോദിക്കും ഓര്‍മിപ്പിക്കാമെന്ന് ജയ്റാം രമേശ്. നരേന്ദ്രമോദിക്കുള്ള കൃത്യമായ സന്ദേശമാണ് പരാമര്‍ശമെന്നും ആര്‍എസ്എസ്–ബിജെപി ഭിന്നത പരസ്യമായെന്നും  ശിവസേന നേതാവും എം.പിയുമായ പ്രിയങ്ക ചതുര്‍വേദി.

വിവാദം ചൂടുപിടിക്കുമ്പോഴും ബി.ജെ.പി. നേതൃത്വം മൗനത്തിലാണ്. മോദിക്ക് വിരമിക്കല്‍ പ്രായം ബാധകമല്ലെന്നും 2029 വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നും നേരത്തെ  അമിത് ഷാ പറഞ്ഞിരുന്നു