File Image
കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് രാജ്യത്ത് തൊഴിലാളി സംഘടനകളുടെ അഖിലേന്ത്യ പണിമുടക്ക്. 10 തൊഴിലാളി യൂണിയനുകളാണ് രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നത്. ഇന്നലെ അര്‍ധരാത്രി മുതല്‍ ആരംഭിച്ച പണിമുടക്കില്‍ കർഷകർ, ബാങ്കിങ് മേഖല, കൽക്കരി ഖനനം, ഫാക്ടറികൾ, പൊതുഗതാഗതം എന്നീ വിഭാഗങ്ങളിലായി 25 കോടിയോളം തൊഴിലാളികൾ പണിമുടക്കുന്നുവെന്ന് തൊഴിലാളി യൂണിയനുകള്‍ അറിയിച്ചു. തൊഴിൽ നിയമം, സ്വകാര്യവത്കരണം, കരാർ തൊഴിൽ വ്യാപകമാക്കൽ തുടങ്ങിയവ പിൻവലിക്കണം എന്നത് അടക്കമുള്ള 17 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംഘപരിവാർ സംഘടനയായ ബിഎംഎസ് പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
അതേസമയം, പണിമുടക്കിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. കണ്ണൂര്‍ സര്‍വകലാശാല നടത്താനിരുന്ന എംബിഎ രണ്ടാം സെമസ്റ്റര്‍ പരീക്ഷ മാറ്റി. പരീക്ഷ ഈ മാസം 27 ന് നടത്തും. കാലിക്കറ്റ് സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. 24 മണിക്കൂര്‍ പണിമുടക്ക് കെഎസ്ആര്‍ടിസി സര്‍വീസുകളെ ബാധിച്ചേക്കും. സ്വകാര്യ ബസുകളും സര്‍വീസ് നടത്തില്ല. സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനത്തേയും ബാധിക്കും. സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിന് പുറത്ത് ചെന്നൈയിലും ബംഗളുരുവിലും പണിമുടക്ക് സാധാരണ ജനങ്ങളുടെ ദൈനദിന ജീവിതത്തെ ബാധിച്ചിട്ടില്ല. വാഹനങ്ങൾ പതിവ് പോലെ നിരത്തിൽ ഉണ്ട്. ഐ ടി മേഖല അടക്കം ഇന്ന് പതിവ് പോലെ പ്രവർത്തിക്കുമെന്ന് നേരെത്തെ അറിയിച്ചിരുന്നു. ചെന്നൈ തുറമുഖവും വ്യവസായ മേഖലയിലും പണിമുടക്ക് ഏശിയിട്ടില്ല. പണിമുടക്കുന്ന തൊഴിലാളികൾ നഗരത്തിൽ സമരങ്ങൾക്കായി നീക്കി വച്ചിട്ടുള്ള കേന്ദ്രങ്ങളിൽ ഒത്ത് കൂടി ധർണ നടത്തി പിരിയും.