സര്‍വകക്ഷി വിവാദത്തില്‍ കോണ്‍ഗ്രസിനെ തള്ളി കേന്ദ്ര സര്‍ക്കാര്‍. പേരുകൾ നിർദേശിക്കാൻ കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടില്ല എന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ശശി തരൂരിനെയും മനീഷ് തിവാരിയെയും ഉൾപ്പെടുത്തിയതിലെ കോൺഗ്രസ് എതിർപ്പ് അത്ഭുതപ്പെടുത്തി എന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു. സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുയാണെന്നും പാർട്ടികളിൽ ഭിന്നിപ്പ് ഉണ്ടാക്കാനാണ് ശ്രമിച്ചതെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. രാജ്യസ്നേഹമാണ് പ്രധാനമെന്ന് മനീഷ് തിവാരി എക്സിൽ കുറിച്ചു.
പാക് ഭീകരത തുറന്ന് കാട്ടാനുള്ള സര്‍വകക്ഷി സംഘത്തിലേക്ക് പേരുകള്‍ നിര്‍ദേശിക്കാന്‍ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. രാഹുല്‍ ഗാന്ധിയോടും മല്ലികാര്‍ജുന്‍ ഖര്‍ഗെയോടും സംസാരിച്ചത് മര്യാദയുടെ പേരിലാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ദൗത്യത്തിന് യോജിച്ചവര്‍ ആരെന്ന് എന്ന് പരിശോധിച്ചാണ് സർക്കാർ പട്ടിക തയ്യാറാക്കിയത്. . വിദേശനയവും രാജ്യസുരക്ഷയും സംബന്ധിച്ച ഏതൊരു ചർച്ചയിലും ശശി തരൂരും മനീഷ് തിവാരിയും അനിവാര്യ ശബ്ദങ്ങളാണ്. വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ തലവനായി തരൂരിനെ ശുപാർശ ചെയ്തിട്ട് ഒരു വർഷം പോലും ആയിട്ടില്ല എന്നും കിരൺ റിജിജു ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികളില്‍ ഭിന്നിപ്പ് ഉണ്ടാക്കിയാണ് സർവകക്ഷി സംഘം രൂപീകരിച്ചതെന്നും പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശിക്കുന്നു.
TMC അംഗം സംഘത്തിൻ്റെ ഭാഗമാകില്ല.
അതേസമയം, രാജ്യസ്നേഹമാണ് മുഖ്യമെന്ന് സൂചിപ്പിക്കുന്ന ഹിന്ദി സിനിമ ഗാനത്തിലെ വരികൾ എക്സില്‍ പങ്കുവച്ചു കോണ്‍ഗ്രസ് അംഗം മനീഷ് തിവാരി. ഗാന്ധികുടുംബത്തെ ചോദ്യം ചെയ്യുകയും G - 23 ഗ്രൂപ്പിന്‍റെ ഭാഗമാവുകയും ചെയ്ത ശശി തരൂർ, സൽമാൻ ഖുർഷിദ്, മനീഷ് തിവാരി, ആനന്ദ് ശർമ്മ, കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദ് എന്നിവരെ സര്‍ക്കാര്‍ സംഘത്തിലേക്ക് തിരഞ്ഞെടുത്തു എന്നത് ശ്രദ്ധേയം. പ്രതിപക്ഷം സര്‍വകക്ഷി സംഘത്തെ ബഹിഷ്കരിക്കണമെന്ന് ശിവസേന നേതാവ് സജ്ഞയ് റാവത്ത് ആവശ്യപ്പെട്ടു.