തിരഞ്ഞെടുപ്പ് സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് ബോസ്റ്റണിലെ പരിപാടിക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷൻ മഹാരാഷ്ട്രയിൽ വിട്ടുവീഴ്ച ചെയ്തെന്നും രാഹുൽഗാന്ധി ആരോപിച്ചു. വിദേശ മണ്ണിൽ രാജ്യത്തെ അപമാനിക്കുന്നത് രാഹുലിന്റെ സ്ഥിരം പരിപാടിയാണെന്നും ഇഡി നടപടികളിലെ അസ്വസ്ഥതയാണ് പുറത്തുവരുന്നതെന്നും ബിജെപി തിരിച്ചടിച്ചു.
വിദേശയാത്രകളിലെ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ വിവാദമാകുന്ന പതിവ് ഇത്തവണയും തെറ്റിയില്ല. റോഡ് ഐലൻഡിലെ ബ്രൗൺ സർവകലാശാലയിലെ അധ്യാപകരും വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ചത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം. പോളിംഗ് ശതമാനത്തിൽ വലിയ അന്തരം ഉണ്ടായി. വോട്ടർ പട്ടികയിൽ ക്രമക്കേടുണ്ടായി. ഇക്കാര്യങ്ങളിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയില്ല. കമ്മീഷൻ വിട്ടുവീഴ്ച ചെയ്തെന്ന് വ്യക്തമാണെന്നും തിരഞ്ഞെടുപ്പ് സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു.
വിദേശ മണ്ണിൽ രാജ്യത്തെ അപമാനിക്കുന്ന രാഹുൽ ഗാന്ധി ദേശവിരുദ്ധൻ ആണെന്നും ഇഡി നടപടികളിലെ അസ്വസ്ഥതയാണ് പ്രകടമാക്കുന്നത് എന്നും ബിജെപി വക്താവ് സാംപിത് പത്ര മറുപടി നൽകി. രാഹുൽഗാന്ധിയുടെ പ്രസ്താവനയിൽ ബിജെപി അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷനിൽ നേരിട്ടു ഉന്നയിച്ച പരാതിയാണിതെന്നുമാണ് കോൺഗ്രസിൻ്റെ മറുപടി.