നാഷനല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെയുള്ള ഇഡി കുറ്റപത്രം തള്ളി. ഡല്‍ഹിയിലെ പ്രത്യേക പിഎംഎല്‍എ കോടതിയുടേതാണ് നടപടി. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നും പ്രഥമ വിവര റിപ്പോർട്ടോ എഫ്‌ഐആറോ അല്ലെന്നും ആയതിനാൽ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) സമർപ്പിച്ച പരാതി നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.
പിന്നാലെ വിധിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസും രംഗത്തെത്തി. ഇ.ഡി ആരംഭിച്ച നടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നിലനിൽക്കില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു. ‘സത്യം വിജയിച്ചു. മോദി സർക്കാരിന്‍റെ വഞ്ചനയും നിയമവിരുദ്ധ നടപടികളും പൂർണ്ണമായും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ഇഡിയുടെ നടപടികൾ പൂർണ്ണമായും നിയമവിരുദ്ധവും വഞ്ചനാപരവുമാണെന്ന് ബഹുമാനപ്പെട്ട കോടതി കണ്ടെത്തിയിരിക്കുന്നു’ എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി എക്സില്‍ കുറിച്ചു. അതേസമയം, ഈ ഘട്ടത്തിൽ എഫ്‌ഐആറിന്റെ പകർപ്പ് രാഹുലും പ്രിയങ്കയും അടക്കമുള്ള കേസിലെ പ്രതികള്‍ക്ക് നല്‍കാനാകില്ലെന്നും കോടതി വിധിച്ചു. അന്വേഷണം തുടരാൻ ഇഡിക്ക് അനുമതിയും നൽകിയിട്ടുണ്ട്.
നാഷണൽ ഹെറാൾഡ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി ഇഡിയുടെ പരാതിയിൽ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. സോണിയാ ഗാന്ധിയെ ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധിയെ രണ്ടാം പ്രതിയുമാക്കിയാണ് കേസ്. ഒക്ടോബര്‍ മൂന്നിനാണ് എഫ്.ഐ.ആര്‍ റജിസ്ര്ടര്‍ ചെയ്തത്. സാം പിട്രോഡ, സുമന്‍ ദുബേ എന്നിവരും കേസില്‍ പ്രതികളാണ്. യങ് ഇന്ത്യൻ കമ്പനി വഴി 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി ഏറ്റെടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണ് കേസെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.