ഖമനയി വധത്തിലെ കേന്ദ്ര സർക്കാർ മൗനം നിഷ്പക്ഷതയല്ലെന്ന കടുത്ത വിമർശനവുമായി സോണിയ ഗാന്ധി. പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനത്തിന് പിന്നാലെ നടന്ന കൊലപാതകത്തിൽ ആശങ്ക പ്രകടിപ്പിച്ച സോണിയ ഗാന്ധി വിഷയം പാർലമെന്‍റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയുടെ വിദേശനയം വഴിമാറുന്നതായി രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഇറാനിലെ ആക്രമണത്തിലും കേന്ദ്രനിലപാടിലും ഇടത് സംഘടനകൾ പ്രതിഷേധിച്ചു.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കേന്ദ്രത്തിന്റെ നിലപാട് നിഷ്പക്ഷതയല്ലെന്നും ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്നും സോണിയ ഗാന്ധി ആരോപിച്ചത്. പരമാധികാരത്തെക്കുറിച്ചോ അന്താരാഷ്ട്ര നിയമങ്ങളെക്കുറിച്ചോ വ്യക്തമായ നിലപാട് സ്വീകരിക്കാത്തത് ഇന്ത്യയുടെ വിദേശനയത്തിന്റെ വിശ്വാസ്യതയെ ബാധിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശനം പൂർത്തിയാക്കി 48 മണിക്കൂറിനുള്ളിൽ നടന്ന കൊലപാതകം അപകടകരമെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടുന്നു. രാജ്യാന്തര തലത്തിൽ രൂപപ്പെട്ടിട്ടുള്ള അസ്വാഭാവിക സാഹചര്യത്തെക്കുറിച്ച് പാർലമെന്‍റിൽ തുറന്ന ചർച്ച വേണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ഇന്ത്യ സമാധാനത്തിനും പരമാധികാരത്തിനും വേണ്ടി നിലകൊള്ളേണ്ട നിർണ്ണായക സമയമാണിതെന്നും രാജ്യത്തിന്‍റെ ധാർമ്മിക ശക്തി വീണ്ടെടുക്കണമെന്നും രാഹുൽ ഗാന്ധി ലേഖനം പങ്കുവെച്ച് പ്രതികരിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കളും സോണിയാഗാന്ധിയുടെ ലേഖനം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം ജന്തർമന്തറിൽ ശക്തമായ പ്രതിഷേധമാണ് ഇടത് സംഘടനകൾ ഉയർത്തിയത്. ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നടന്ന ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്നും കേന്ദ്ര സർക്കാർ ആക്രമണത്തെ അപലപിക്കണമെന്നും സി.പി.ഐ, CPI- ML, CPM, റവലൂഷനി വർക്കേഴ്സ് പാർട്ടി തുടങ്ങിയവർ ആവശ്യപ്പെട്ടു.