അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയുടെ ശവമഞ്ചം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ അതിനുമുകളില്‍ അദ്ദേഹത്തിന്‍റെ തലപ്പാവും വെച്ചിരുന്നു. ഖമനിയിയോടുള്ള അതേ ആദരവും ബഹുമാനത്തോടെയുമാണ് വിശ്വാസികളും അണികളും ഈ ശിരോവസ്ത്രത്തെയും കാണുന്നത്. അതിന് കാരണങ്ങള്‍ പലതാണ്. 

തലപ്പാവിനുണ്ട്  'തലക്കനം'

ഷിയാ പുരോഹിതർക്കിടയിൽ തലപ്പാവ് വെറുമൊരു ശിരോവസ്ത്രമല്ല, മറിച്ച് പദവിയും അധികാരവും വിളിച്ചോതുന്ന ഒരു സുപ്രധാന ചിഹ്നമാണ്. തലപ്പാവിന്റെ കനം ഓരോ പുരോഹിതന്റെയും സ്ഥാനത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു. ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ രാഷ്‌ട്രീയാധികാരം പുരോഹിത കേന്ദ്രീകൃതമായതുകൊണ്ട് തലപ്പാവ് ശക്തമായ ഒരു രാഷ്‌ട്രീയ പ്രതീകം കൂടിയാണ്.  2022-ലെ മഹ്സ അമിനി പ്രക്ഷോഭങ്ങളിൽ ഭരണകൂടത്തെ എതിര്‍ക്കാന്‍  'തലപ്പാവ് തട്ടിത്തെറിപ്പിക്കൽ' ഒരു പ്രതിഷേധ രീതിയായി മാറിയത് അതുകൊണ്ടാണ്

കറുപ്പ് നിറം 'സയ്യിദ്' പരമ്പരയുടെ ചിഹ്നം

പ്രവാചക പരമ്പര, മതപരമായ അധികാരം, രാഷ്‌ട്രീയ ശക്തി എന്നിങ്ങനെ മൂന്ന് പ്രധാന അർഥതലങ്ങളാണ് ഇറാന്‍റെ പുരോഹിത ഭരണസംവിധാനത്തിൽ ശിരോവസ്ത്രത്തിനുള്ളത്. പ്രവാചകൻ മുഹമ്മദിന്‍റെ  പരമ്പരയിൽപ്പെട്ട 'സയ്യിദ്' ആണെന്ന് സൂചിപ്പിക്കുന്നതാണ് തലപ്പാവിലെ കറുപ്പ് നിറം. പ്രവാചക പരമ്പരയിൽപ്പെടാത്ത പുരോഹിതർ വെള്ള തലപ്പാവാണ് ധരിക്കുക.  പ്രവാചകന്റെ ഗോത്രമായ 'ബനി-ഹാഷിമി'ന്റെ പതാകയ്ക്കു കീഴിൽ അണിനിരക്കാനുള്ള ഭരണവർഗത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ ഭാഗമാണ് കറുത്ത തലപ്പാവ്

കനം പറയും മതപദവി

'അമാമെ' എന്നറിയപ്പെടുന്ന തലപ്പാവിന്‍റെ വലിപ്പം പുരോഹിതന്‍റെ മതപരമായ പദവിയെ സൂചിപ്പിക്കുന്നു.  പദവിയുടെ ഗരിമകൂടുംതോറും തലപ്പാവിന്‍റെയും  കനം കൂടും.  മതപഠനം ആരംഭിക്കുന്ന വിദ്യാർഥികൾ നേർത്ത തലപ്പാവ് അണിയുമ്പോൾ, മധ്യനിരയിലുള്ള പുരോഹിതർ ഇടത്തരം കനമുള്ളതും ഗ്രാൻഡ് അയത്തുള്ളമാരെപ്പോലുള്ള ഉന്നത നേതാക്കൾ ഏറ്റവും കനമേറിയതുമായ തലപ്പാവ് ധരിക്കുന്നു. ഏറ്റവും ഉന്നതരായ ഗ്രാൻഡ് അയത്തൊള്ളമാർ മീറ്ററുകൾ നീളമുള്ള തുണികൊണ്ടുള്ള തലപ്പാവാണ് ധരിക്കുന്നത്. ഷിയാ പാരമ്പര്യത്തിൽ ഇത് വിശ്വാസത്തിന്റെയും അറിവിന്റെയും മതപരമായ ഉത്തരവാദിത്തത്തിന്റെയും പ്രതീകമാണ്. ആയത്തുല്ല അലി ഖമനയിയുടെ തലപ്പാവ്  കനംവെച്ചതും കാലക്രമേണയാണ്

ഇസ്രായേൽ, യു.എസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയോടുള്ള ആദരാഞ്ജലികൾ അർപ്പിക്കാന്‍ ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ലയിൽ എത്തിയവര്‍

'അസബ'യെന്ന വാലറ്റം

തലപ്പാവിന് പിന്നിലേക്ക് തൂങ്ങിക്കിടക്കുന്ന 'അസബ' എന്ന വാലറ്റത്തിനും ഏറെ പ്രാധാന്യമുണ്ട്. പ്രവാചകചര്യയുടെ ഭാഗമായ ഇത്, മതപരവും രാഷ്ട്രീയവുമായ അധികാരത്തിന്റെ പ്രതീകം കൂടിയാണ്. പ്രവാചകനുമായുള്ള ആത്മീയ ബന്ധത്തെയാണ് 'അസബ' പ്രതിനിധീകരിക്കുന്നത്.

ENGLISH SUMMARY:

This article explores the deep religious, political, and symbolic significance of the turban worn by Shia clerics in Iran, particularly in the context of the late Supreme Leader Ayatollah Ali Khamenei. It highlights how the turban serves as a marker of status and authority, with its size denoting the wearer's religious rank and expertise. The article further explains that the color black signifies lineage from the Prophet Muhammad (Sayyid), while the 'Asaba' (the hanging tail) represents spiritual connection and political power. Ultimately, the turban is framed as a potent political symbol, evidenced by its role in protests against the Iranian establishment.