Image Credit: AP

ആയത്തുല്ല അലി ഖമനയിയുടെ കബറടക്ക ചടങ്ങുകള്‍ക്കിടെ കുറഞ്ഞത് മൂവായിരം പേരെങ്കിലും മരിച്ചേക്കാമെന്നും ഇത് മുന്നില്‍ക്കണ്ട് ഇറാന്‍ ആയിരത്തിേലറെ കുഴിമാടങ്ങള്‍ തയ്യാറാക്കിക്കഴിഞ്ഞുവെന്നും ജര്‍മന്‍ മാധ്യമമായ വെല്‍റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊടും ചൂടിലും തിക്കിലും തിരക്കിലും 1500 നും 3000 ഇടയില്‍ ആളുകള്‍ മരിച്ചേക്കാമെന്നാണ് ഇറാനിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ കൈമാറിയ വിവരമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

ഇറാനിയന്‍ റെഡ് ക്രസന്‍റും നാഷനല്‍ ക്രൈസിസ് മാനേജ്മെന്‍റ് ഓര്‍ഗനൈസേഷനും തയാറാക്കിയ റിപ്പോര്‍ട്ട് വൈസ് പ്രസിഡന്‍റ് മുഹമ്മദ് റേസ് ആരിഫിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇതുപ്രകാരം അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാനെന്ന നിലയില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും കാണാതാകുന്ന ആളുകളെ കുറിച്ചുള്ള വിവരം ശേഖരിക്കാന്‍ പ്രത്യേക കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെന്നും മരിക്കുന്നവരെ മറവ് ചെയ്യുന്നതിനായി ആയിരത്തിയഞ്ഞൂറിലേറെ കുഴിമാടങ്ങള്‍ തയാറാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ശനിയാഴ്ചയാണ് ടെഹ്റാനില്‍ ചടങ്ങുകള്‍ക്ക് തുടക്കമായത്. ഇറാന്‍ നഗരങ്ങളായ ഖ്വോമിലും നജാഫിലും കര്‍ബലയിലും വിലാപയാത്ര എത്തും. വ്യാഴാഴ്ച മഷാദിലാണ് ഖമനയിയുടെ കബറടക്കം. രാജ്യം സമീപകാലത്ത് കണ്ട ഏറ്റവും വലിയ സുരക്ഷാവലയമാണ് ഖമനയിയുടെ സംസ്കാരച്ചടങ്ങുകളോട് അനുബന്ധിച്ച് തീര്‍ത്തിരിക്കുന്നത്. 

ആയിരക്കണക്കിന് ബസുകള്‍, മെട്രോ, ടാക്സി, താല്‍കാലിക അടുക്കളകള്‍ എന്നിവയും സജ്ജമാക്കി. സ്കൂളുകളും മോസ്കുകളും വിലാപയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കായി തുറന്ന് നല്‍കും. 20 മില്യണ്‍ ജനങ്ങള്‍ വിലാപയാത്രയില്‍ പങ്കുചേരുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറും എല്ലാ സേവനങ്ങളും ജനങ്ങള്‍ക്കായി ലഭ്യമാക്കും. 

ഇറാന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ സംസ്കാരച്ചടങ്ങ് കൂടിയാകും ഖമനയിയുടേത്. ആറരക്കോടിയോളം രൂപയാണ് ടെഹ്റാനിലെ ഓരോ ജില്ലകള്‍ക്കുമായി മൂന്ന് ദിവസത്തേക്ക് അനുവദിച്ചത്. ആകെ 150 കോടിയിലേറെ രൂപ ടെഹ്റാനില്‍ മാത്രം ചെലവഴിക്കുമെന്നും ഖ്വോമിലും മഷാദിലും 50 കോടി രൂപ വീതവും ചെലവാകുമെന്നുമാണ് ഇറാന്‍ ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെയാണ് നജാഫിലെയും കര്‍ബലയിലെയും ചടങ്ങുകള്‍ക്കായി ചെലവഴിക്കേണ്ടി വരുന്ന തുക. 

2020ല്‍ ഐആര്‍ജിസി തലവനായിരുന്ന കമാന്‍ഡര്‍ ഖ്വാസിം സുലൈമാനിയുടെ സംസ്കാരച്ചടങ്ങാണ് ഇതിന് മുന്‍പ് ഇറാന്‍ വിപുലമായി നടത്തിയിട്ടുള്ളത്. അന്ന് തിക്കിലും തിരക്കിലും പെട്ട് 56 പേര്‍ മരിക്കുകയും ഇരുന്നൂറിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 

ENGLISH SUMMARY:

Reports from German media have emerged claiming that Iranian authorities are bracing for a potential mass casualty event during the elaborate funeral processions for the late Supreme Leader, Ayatollah Khamenei. Intelligence estimates cited in these reports suggest that extreme heat and massive overcrowding could lead to between 1,500 and 3,000 fatalities, prompting the government to reportedly prepare over 1,500 graves in anticipation. As millions are expected to join the week-long mourning events across Tehran, Qom, and Mashhad, the administration has implemented unprecedented logistical measures, including temporary facilities, emergency medical teams, and massive transportation support. This funeral is set to be the most expensive in Iran's history, with hundreds of crores of rupees allocated for crowd management and security infrastructure across key cities. The high-stakes environment follows the tragic 2020 funeral of Qasem Soleimani, where a deadly stampede claimed dozens of lives, forcing officials to prioritize public safety this time around. As the nation prepares for the final burial in Mashhad, the international community continues to monitor the immense logistical and security undertaking unfolding in Iran.