ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് യാത്ര തിരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ജോര്‍ദാനിലെത്തി. അമ്മാനില്‍ വിമാനമിറങ്ങിയ മോദിക്ക് ഉജ്വല സ്വീകരണം ലഭിച്ചു. ഒരാഴ്ചത്തെ ജര്‍മന്‍ സന്ദര്‍ശനത്തിനായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും യാത്രതിരിച്ചു.
ജോര്‍ദാന്‍, എത്യോപ്യ, ഒമാന്‍ എന്നീ രാജ്യങ്ങളിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രണ്ടാമന്‍ രാജാവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഇന്ത്യന്‍ സമൂഹത്തെയും കാണും. ഇന്ത്യ - ജോർദാൻ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യുന്ന മോദി എത്യോപ്യയിലേക്ക് തിരിക്കും. പ്രധാനമന്ത്രിയുടെ ആദ്യ എത്യോപ്യന്‍ സന്ദര്‍ശനമാണിത്. എത്യോപ്യന്‍ പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യു്ന അദ്ദേഹം പ്രധാനമന്ത്രി അബി അഹ്മദ് അലിയുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഇന്ത്യ– ഒമാന്‍ നിയതന്ത്ര ബന്ധത്തിന്‍റെ എഴുപതാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുന്നതിന് മോദി മസ്കറ്റിലെത്തും. ഒമാന്‍ സുല്‍ത്താനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ഒരാഴ്ചത്തെ ജര്‍മനി സന്ദര്‍ശനത്തിന് പുറപ്പെട്ട രാഹുല്‍ ഗാന്ധി ബെര്‍ലിനില്‍ ജര്‍മന്‍ പാര്‍ലമെന്‍റംഗങ്ങളുമായും ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം സംവദിക്കും. 22 ന് ഡല്‍ഹിയില്‍ മടങ്ങിയെത്തും. പാര്‍ലമെന്‍റ് സമ്മേളനം നടക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് വിദേശസന്ദര്‍ശനത്തിന് പോയതിനെ ബിജെപി വിമര്‍ശിച്ചു. എന്നാല്‍ രാജ്യത്തെ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ച് രാജ്യാന്തരസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് കോണ്‍ഗ്രസ് വിശദീകരിച്ചു.