ഇന്ത്യയുമായി വ്യാപാരക്കരാറിന് ധാരണയിലെത്തിയെന്നും ഇന്ത്യയ്ക്കുള്ള ഇറക്കുമതിത്തീരുവ 50 ല്‍ നിന്ന് 18 ശതമാനമാക്കി കുറയ്ക്കുമെന്നുമുള്ള യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാപാരക്കരാറിനെ കുറിച്ച് പരാമര്‍ശിക്കാതെയാണ് മോദിയുടെ നന്ദി പ്രകടനം. 'എന്‍റെ പ്രിയ സുഹൃത്ത് പ്രസിഡന്‍റ് ട്രംപുമായി സംസാരിക്കാനിടയായി. മെയ്ഡ് ഇന്‍ ഇന്ത്യ ഉൽപന്നങ്ങൾക്ക് തീരുവ 18 ശതമാനമായി കുറച്ചതിൽ 140 കോടി ഇന്ത്യക്കാരുടെ പേരിൽ ട്രംപിന് നന്ദി അറിയിക്കുന്നു. രണ്ട് വലിയ സാമ്പത്തിക ശക്തികൾ ഒരുമിക്കുമ്പോൾ ജനങ്ങൾക്കു മുന്നിൽ വലിയ സാധ്യതകളാണ് തുറക്കുന്നത്. ലോക സമാധാനത്തിനും സുസ്ഥിരതയ്ക്കും അഭിവൃദ്ധിക്കും ട്രംപിന്‍റെ നേതൃത്വം നിർണായകമാണ്. അദ്ദേഹത്തിന്‍റെ സമാധാന നീക്കങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ഉയരങ്ങളിൽ എത്തിക്കാൻ പ്രവർത്തിക്കു'മെന്നും മോദി പറഞ്ഞു.
വ്യാപരത്തര്‍ക്കങ്ങള്‍ അവസാനിച്ചുവെന്നും കരാര്‍ ധാരണയായെന്നുമായിരുന്നു ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ഇന്നലെ കുറിച്ചത്. റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്നും വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇറാനില്‍ നിന്ന് എണ്ണ വാങ്ങിയാല്‍ പ്രത്യാഘാതമുണ്ടാകുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ധാരണയായെന്ന ട്രംപിന്‍റെ വെളിപ്പെടുത്തലിനോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ട്രംപ് തീരുവ വെട്ടിക്കുറച്ചതിന് പകരമായി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവ പൂജ്യമാക്കി കുറയ്ക്കാനും കൃഷി, സാങ്കേതിക വിദ്യ, ഊര്‍ജം തുടങ്ങിയ മേഖലകളിലായി 500 ബില്യണ്‍ ഡോളറിന്‍റെ യുഎസ് ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ഇന്ത്യ സമ്മതിച്ചു. അതേസമയം, ട്രംപിന് മോദി കീഴടങ്ങിയെന്നാണ് നിലവിലെ പ്രസ്താവനകളില്‍ നിന്ന് മനസിലാക്കേണ്ടതെന്ന് കോണ്‍ഗ്രസിന്‍റെ വിമര്‍ശനം. മോദിക്ക് മേലുള്ള ട്രംപിന്‍റെ സ്വാധീനം വ്യക്തമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. ഓപറേഷന്‍ സിന്ദൂര്‍ അടക്കം പ്രഖ്യാപനങ്ങള്‍ ട്രംപ് നടത്തുന്നു, വ്യാപാരക്കരാറിന്‍റെ കാര്യം പ്രഖ്യാപിക്കുന്നു, ഇതെല്ലാം മോദിയുടെ വിധേയത്വത്തിന് തെളിവാണെന്നും കോണ്‍ഗ്രസ് തുറന്നടിച്ചു.