ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ മാറിമറിഞ്ഞ് ലീഡ് നില. തുടക്കത്തിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ബിജെപി കുതിപ്പ്. ലീഡ് നിലയില്‍ കേവലഭൂരിപക്ഷവുമായി ബിജെപി ബഹുദൂരം മുന്നിലെത്തി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എഎപിയും ബിജെപിയും കയറുകയും ഇറങ്ങുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. ഒരു ഘട്ടത്തില്‍ പിന്നിലായിരുന്ന എഎപി പിന്നീട് തിരിച്ചു വന്നു. എന്നാല്‍ ആഹ്ലാദത്തിനു ആയുസുണ്ടായിരുന്നില്ല. വീണ്ടും ബിജെപി മുന്നിലെത്തി.
കോണ്‍ഗ്രസ് ഒരിടത്ത് മുന്നില്‍. അരവിന്ദ് കേജ്‌രിവാളടക്കം എഎപിയുടെ പ്രമുഖ നേതാക്കളെല്ലാം പിന്നിലാണെന്നത് നേതൃത്വത്തേയും അണികളേയും നിരാശപ്പെടുത്തുന്നുണ്ട്. മനീഷ് സിസോദിയയും അതിഷിയും സത്യേന്ദ്ര ജെയിനും സൗരഭ് ഭരദ്വാജും പിന്നിലാണ്.
ഉച്ചയോടെ അന്തിമ ഫലമറിയാം. ആകെയുള്ള 70 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 60.54 ശതമാനം പേരാണ് വോട്ട് ചെയ്തത്. തലസ്ഥാന നഗരത്തിന്‍റെ ഭരണത്തിനായി ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും തമ്മിലാണ് ഏറ്റുമുട്ടുന്നതെങ്കിലും കഴിഞ്ഞ രണ്ട് തവണയും സീറ്റൊന്നും ലഭിക്കാത്ത കോണ്‍ഗ്രസ് ഏതാനും സീറ്റില്‍ വിജയിച്ചുകയറാമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപിയുെട വിജയം പ്രവചിച്ചിരുന്നു.